സത്യസന്ധതയുടെ പൊൻതിളക്കം, മാലിന്യത്തിനിടയിൽ ലഭിച്ച സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ
പാലക്കാട്: ജോലിത്തിരക്കിനിടയിൽ ലഭിച്ച സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി വാണിയംകുളം പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ മാതൃകയായി. ത്രാങ്ങാലി പ്രദേശത്തെ വീടുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കുന്നതിനിടെയാണ് രണ്ട് പവനോളം തൂക്കം വരുന്ന മാല ലഭിച്ചത്.
ഹരിതകർമ സേനാംഗങ്ങളായ പ്രിയ, ഷീജ, വിജയലക്ഷ്മി എന്നിവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടെയാണ് മാല ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇത് ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ ഇവർ ആരംഭിച്ചു. പരിശോധനയിൽ ഞാറക്കൽ മാധുര്യം വീട്ടിൽ അശ്വതിയുടേതാണ് മാലയെന്ന് തിരിച്ചറിഞ്ഞു. അബദ്ധവശാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പം മാലയും ചാക്കിൽ അകപ്പെടുകയായിരുന്നു.
മാലയുടെ ഉടമസ്ഥരെ വിവരം അറിയിച്ചതിനെത്തുടർന്ന് വീട്ടുടമ മാധവനും ഭാര്യ കോമളവും സ്ഥലത്തെത്തി. സ്വർണമാണെന്ന് സ്ഥിരീകരിച്ചതോടെ സേനാംഗങ്ങൾ മാല കൈമാറി. കളഞ്ഞുപോയെന്ന് കരുതിയ വിലപിടിപ്പുള്ള ആഭരണം തിരികെ കിട്ടിയ സന്തോഷത്തിൽ വീട്ടുകാരും ഹരിതകർമ സേനാംഗങ്ങളെ അഭിനന്ദിച്ചു.
സേവനപാതയിലെ ഈ വലിയ മാതൃകയെ വാണിയംകുളം ഗ്രാമപഞ്ചായത്ത് അധികൃതരും പ്രശംസിച്ചു. ഹരിതകർമ സേനാംഗങ്ങളുടെ സത്യസന്ധതയെ അഭിനന്ദിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ ഇവരെ ആദരിച്ചു. പ്രതികൂല സാഹചര്യങ്ങളിലും കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ഇവർ മറ്റു തൊഴിലാളികൾക്ക് വലിയ പ്രചോദനമാണെന്ന് പ്രസിഡന്റ് പറഞ്ഞു.