ആർത്തവം കൃത്യമെന്നും വയറ്റിൽ കൊഴുപ്പെന്നും പറഞ്ഞു, ഗർഭിണിയാണെന്ന കാര്യം മറച്ചുവെച്ചു- ഹരിപ്പാട് സംഭവത്തിൽ ഡോക്ടറുടെ വെളിപ്പെടുത്തൽ

 
2322

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പത്തൊമ്പതുകാരി അത്യാഹിത വിഭാഗത്തിലെ ശൗചാലയത്തിൽ പ്രസവിക്കുകയും കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്ക് എറിയുകയും ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ. തിങ്കളാഴ്ച രാത്രി കടുത്ത വയറുവേദനയുമായി എത്തിയ പെൺകുട്ടിയോട് ഗർഭിണിയാണോ എന്ന് പലതവണ ചോദിച്ചിട്ടും താൻ ഗർഭിണിയല്ലെന്ന ഉറച്ച നിലപാടിലായിരുന്നു അവരെന്ന് ഡോക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു.

"തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെ കടുത്ത വയറുവേദനയും നടുവേദനയുമായാണ് പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ആർത്തവ സംബന്ധമായ വേദനയാണെന്നാണ് ഞങ്ങളോട് പറഞ്ഞത്. എന്നാൽ കുട്ടിയുടെ വയറ് കണ്ടപ്പോൾ ഞങ്ങൾക്ക് സംശയം തോന്നിയിരുന്നു. ഞാനും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ഡോക്ടർമാരും നേഴ്‌സുമാരുമെല്ലാം പിരിയഡ്‌സ് മിസ്സായിട്ടുണ്ടോ എന്ന് നിരന്തരം ചോദിച്ചെങ്കിലും ആർത്തവം കൃത്യമാണെന്നാണ് കുട്ടി പറഞ്ഞത്. വയറ്റിൽ കൊഴുപ്പടിഞ്ഞതുപോലെ സംശയമുണ്ടെന്നും മുൻപ് സ്‌കാൻ ചെയ്തപ്പോൾ അങ്ങനെ റിപ്പോർട്ട് വന്നിട്ടുണ്ടെന്നും പറഞ്ഞ് ഗർഭിണിയാണെന്ന വിവരം കുട്ടി പൂർണ്ണമായും മറച്ചുവെക്കുകയായിരുന്നു."

ആശുപത്രിയിൽ ഒബ്‌സർവേഷനിൽ ഇരിക്കെ ചൊവ്വാഴ്ച പുലർച്ചെ ഏകദേശം രണ്ട് മണിയോടെയാണ് പെൺകുട്ടി അത്യാഹിത വിഭാഗത്തിലെ ശുചിമുറിയിൽ വെച്ച് പ്രസവിക്കുന്നത്. പ്രസവിച്ച ഉടൻ തന്നെ വിവരം ആരോടും പറയാതെ നവജാതശിശുവിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഒബ്‌സർവേഷൻ റൂമിലിരിക്കെ പുറത്തുനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട് അസിസ്റ്റന്റുമാരും ഡോക്ടർമാരും ഓടിച്ചെന്ന് കെട്ടിടത്തിന്റെ പിറകിൽ പരിശോധിച്ചപ്പോഴാണ് ചോരക്കുഞ്ഞിനെ കണ്ടെത്തിയത്.

കുഞ്ഞിനെ കണ്ടെത്തിയ ഉടൻ തന്നെ ആശുപത്രി ജീവനക്കാർ ആവശ്യമായ പ്രാഥമിക ശ്രുശ്രൂഷകൾ നൽകി. നിലവിൽ അമ്മയെയും പെൺകുഞ്ഞിനെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരുവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

എറണാകുളത്ത് പഠിക്കുന്ന പെൺകുട്ടി താൻ ഗർഭിണിയായ വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ലെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൂടെയുണ്ടായിരുന്ന വീട്ടുകാർക്കും ഈ വിവരങ്ങൾ അറിയില്ലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഹരിപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Tags

Share this story

From Around the Web