​എച്ച്. ഐ. വി. ബാധിതർക്ക് സാന്ത്വനമായി കിൻഷാസയിലെ സിസ്റ്റേഴ്സ് ഓഫ് സേക്രഡ് ഹാർട്ട്

 
222222

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ എച്ച്. ഐ. വി. ബാധിതർക്ക് പ്രത്യാശയുടെ പുതുവെളിച്ചമേകി സിസ്റ്റേഴ്സ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സന്യാസിനീ സമൂഹം. രോഗം നൽകുന്ന ശാരീരിക വേദനയേക്കാൾ സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും നേരിടുന്ന മാറ്റിനിർത്തലുകളും അവഹേളനങ്ങളും മൂലം ഒറ്റപ്പെട്ടുപോകുന്നവർക്ക് ആശ്വാസമേകുകയാണ് ഈ സന്യാസിനിമാർ.

​2019 – ൽ സിസ്റ്റർ മേരി പാസ്കലിൻ എക്കോസോണിയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി രൂപംകൊണ്ട ‘ഫ്രണ്ട്സ് ഓഫ് സോഫി’ എന്ന കൂട്ടായ്മയിലൂടെയാണ് സഭ ഈ ദൗത്യം നിർവഹിക്കുന്നത്. രോഗബാധിതർക്ക് മെഡിക്കൽ സഹായത്തിന് പുറമെ ആത്മീയവും മാനസികവുമായ പിന്തുണയും ഇവർ ഉറപ്പാക്കുന്നു. വിശുദ്ധ മഡലീൻ സോഫി ബാരറ്റിന്റെ പേരിൽ അറിയപ്പെടുന്ന ഈ കൂട്ടായ്മ, രോഗബാധിതരെ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് പരിഗണിക്കുന്നത്.

ജന്മനാ എച്ച്. ഐ. വി ബാധിച്ച 35-കാരി നൗഷ്കയുടെ ജീവിതം ഈ ദൗത്യത്തിന്റെ ഒരു വിജയമാണ്. സ്വന്തം, അമ്മയിൽ നിന്ന് രോഗം പകർന്നു കിട്ടിയ നൗഷ്കയ്ക്ക് ബന്ധുക്കളുടെയും സമൂഹത്തിന്റെയും ഭാഗത്തുനിന്നും കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്. ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച ഘട്ടത്തിലാണ് നൗഷ്ക, സി. മേരി പാസ്കലിനെ പരിചയപ്പെടുന്നത്. സന്യാസിനിമാരുടെ സ്നേഹപൂർണ്ണമായ ഇടപെടലിലൂടെ ചികിത്സ പുനഃരാരംഭിച്ച നൗഷ്ക ഇന്ന് പൂർണ്ണ ആരോഗ്യവതിയാണ്.

രോഗബാധിതർക്ക് മരുന്നുകൾക്കൊപ്പം തന്നെ പോഷകാഹാരങ്ങൾ നൽകാനും സന്യാസിനിമാർ ശ്രദ്ധിക്കുന്നുണ്ട്. രോഗത്തെക്കുറിച്ചുള്ള അവബോധം നൽകുന്നതോടൊപ്പം രോഗബാധിതർ തങ്ങളുടെ വ്യക്തിത്വം ഉയർത്തിപ്പിടിച്ച് ജീവിക്കണമെന്നും ഈ സന്യാസിനിമാർ ഓർമ്മിപ്പിക്കുന്നു.

​’രോഗമല്ല ഒരാളുടെ മൂല്യം നിർണ്ണയിക്കുന്നത്. ക്രിസ്തുവിന്റെ ഹൃദയം എല്ലാവരെയും സ്വീകരിക്കുന്നു’ എന്നാണ് സി. മേരി പാസ്കലിൻ പറയുന്നത്. രോഗം മറച്ചുവെക്കാതെ കൃത്യമായ ചികിത്സ തേടാനും ആത്മവിശ്വാസത്തോടെ ജീവിക്കാനും സമൂഹത്തെ പ്രേരിപ്പിക്കുകയാണ് ഈ സന്യാസിനീ സമൂഹം.

Tags

Share this story

From Around the Web