ജിഎസ്ടി പരിഷ്‌കരണം നാളെ മുതല്‍ ജനങ്ങളിലേക്ക്; പലചരക്കിന്റെയും തുണിത്തരങ്ങളുടെയും മരുന്നുകളുടെയും വില കുറയും; പട്ടിക ഇങ്ങനെ
 

 
gst

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ നികുതി സ്ലാബുകള്‍ വെട്ടിക്കുറച്ച് നടപ്പാക്കിയ ജിഎസ്ടി പരിഷ്‌കരണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. ഒട്ടനവധി സാധനങ്ങളുടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

5%, 12%, 18%, 28% എന്നിങ്ങനെയുള്ള 4 ജിഎസ്ടി നികുതി സ്ലാബുകള്‍ 5%, 18% എന്നിങ്ങനെ രണ്ടായി കുറയ്ക്കാനുള്ള നിര്‍ണായക കേന്ദ്രശുപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചതോടെയാണ് പരിഷ്‌കരണത്തിന് വഴിതുറന്നത്.

നിലവില്‍ 12%, 28% എന്നീ നിരക്കുകള്‍ ബാധകമായിരുന്ന ഒട്ടേറെ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി യഥാക്രമം 5%, 18% എന്നി സ്ലാബുകളിലേക്കു കുറയ്ക്കുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്.

വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിനു ബാധകമായ 18% നികുതി ഒഴിവാക്കണമെന്ന ദീര്‍ഘകാല ആവശ്യം അംഗീകരിച്ചതാണ് ഇതില്‍ പ്രധാനം. പലചരക്ക്, വളം, പാദരക്ഷ, തുണിത്തരങ്ങള്‍ നിരവധി സാധനങ്ങളുടെയും സേവനങ്ങളുടെയും വില കൂടുതല്‍ താങ്ങാനാവുന്നതിലേക്ക് മാറാന്‍ പോകുകയാണ്.

നേരത്തെ 12 ശതമാനവും 28 ശതമാനവും നികുതി ചുമത്തിയിരുന്ന ഇനങ്ങള്‍ ഇപ്പോള്‍ മറ്റ് രണ്ട് സ്ലാബുകളിലേക്ക് മാറും. ഇത് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കും. സാധാരണക്കാരുടെ നികുതിഭാരം വന്‍തോതില്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പൊളിച്ചെഴുത്തിലൂടെ നിരവധി നിത്യോപയോഗ സാധനങ്ങളുടെ വില കുറയുമെന്നാണ് പ്രതീക്ഷ.

പാന്‍ മസാല, സിഗരറ്റ്, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ലോട്ടറി മുതലായവയ്ക്ക് മാത്രം ബാധകമായ 40 ശതമാനം പ്രത്യേക നിരക്കുമുണ്ട്.

പുതിയ ഭേദഗതി നടപ്പാകുമ്പോള്‍ പായ്ക്കുചെയ്ത ഭക്ഷണ സാധനങ്ങളില്‍ മിക്കവയ്ക്കും വില കുറയും. കൂടാതെ ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാമ്പു, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങി സാധാരണക്കാര്‍ വാങ്ങുന്ന മിക്കവയ്ക്കും വില കുറച്ച് നല്‍കിയാല്‍ മതിയാകും. ഇലക്ട്രോണിക്സ്, കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെയും വിലയില്‍ വലിയ അന്തരമുണ്ടാകും.

Tags

Share this story

From Around the Web