ജെറുസലേമിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണത്തിൽ ആശങ്കയറിയിച്ച് ഗ്രീക്ക് ഓർത്തഡോക്സ് സഭ
വിശുദ്ധനഗരമായ ജെറുസലേമിൽ ക്രിസ്ത്യൻ പുരോഹിതർക്കും വിശ്വാസികൾക്കും നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധവും ആശങ്കയുമറിയിച്ച് ഗ്രീക്ക് ഓർത്തഡോക്സ് സഭ. അടുത്തിടെ ഒരു കന്യാസ്ത്രീക്കു നേരെ നടന്ന ക്രൂരമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സഭ അധികൃതർ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ ക്ഷണിച്ചത്.
ജെറുസലേമിൽ ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ പതിവാകുകയാണെന്നും വിശ്വാസികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ആർച്ച്ബിഷപ്പ് അത്തല്ല ഹന്ന വ്യക്തമാക്കി. “ജെറുസലേം നഗരത്തിലെ ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ലംഘനങ്ങളുടെയും അതിക്രമങ്ങളുടെയും തുടർച്ചയാണ് ആ കന്യാസ്ത്രീക്ക് നേരെയുണ്ടായ ആക്രമണം” എന്ന് ആർച്ച്ബിഷപ്പ് അത്തല്ല ഹന്ന ഫേസ്ബുക്കിൽ കുറിച്ചു. വിശുദ്ധനഗരത്തിലെ ക്രൈസ്തവസമൂഹത്തിന്റെ സുരക്ഷയിൽ അദ്ദേഹം വലിയ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ പഴയ നഗരത്തിൽ വച്ച് ഒരു കന്യാസ്ത്രീ ആക്രമണത്തിന് ഇരയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജെറുസലേമിലെ ക്രിസ്ത്യൻ പൈതൃകവും വിശ്വാസികളും സംരക്ഷിക്കപ്പെടാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് ആവശ്യപ്പെട്ടു.