കുഞ്ഞിനെ കാണാൻ പോലും അനുവദിച്ചില്ലെന്ന് മുത്തച്ഛൻ, നൃത്ത അധ്യാപികയുടെ പങ്കിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം
തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നരവയസ്സുകാരൻ അർഷിദിനെ ക്രൂരമായി മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ മുത്തച്ഛൻ സുനിൽ കുമാർ ഉന്നയിക്കുന്ന ആരോപണങ്ങൾ അന്വേഷണത്തിൽ നിർണ്ണായകമാകുന്നു. കുഞ്ഞിനെ കാണാൻ അഖിലയുടെ രണ്ടാം ഭർത്താവായ അഷ്‌കർ അനുവദിച്ചിരുന്നില്ലെന്നും, അഖിലയുടെ സുഹൃത്തായ നൃത്ത അധ്യാപികയ്ക്കും ക്രൂരതയെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും സുനിൽ കുമാർ വെളിപ്പെടുത്തി.
അഖിലയും അഷ്‌കറും തമ്മിലുള്ള ബന്ധത്തിന് വഴിയൊരുക്കിയത് അഖിലയുടെ സുഹൃത്തായ നൃത്ത അധ്യാപികയാണെന്നും, ഇവരെക്കൂടി കേസിൽ ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടു. കുഞ്ഞിനെ അഷ്‌കർ ക്രൂരമായി മർദിക്കാറുണ്ടെന്ന വിവരം ഈ അധ്യാപികയ്ക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. കുഞ്ഞിനെ കാണാൻ ബന്ധുക്കൾ പലതവണ ശ്രമിച്ചെങ്കിലും അഷ്‌കർ അതിന് അനുവദിച്ചിരുന്നില്ല. തങ്ങൾ അറിഞ്ഞതിനേക്കാൾ വലിയൊരു ദുരന്തമാണ് കുഞ്ഞിന് നേരിടേണ്ടി വന്നതെന്നും സുനിൽ കുമാർ പറഞ്ഞു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ ശരീരത്തിൽ കണ്ടെത്തിയത് 51 മുറിവുകളാണ്. ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ പരുക്കുകൾ, എല്ലുകൾക്ക് ഒടിവ്, പഴയ മുറിവുകൾ എന്നിവ കുഞ്ഞ് ദീർഘകാലമായി ശാരീരിക പീഡനത്തിന് ഇരയായിരുന്നുവെന്നതിന് തെളിവാണ്. ഈ ക്രൂരതകളെല്ലാം അഷ്‌കർ തന്നെ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കുഞ്ഞിന്റെ കൊലപാതകത്തിൽ അഖിലയുടെ പങ്കും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. മുത്തച്ഛന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, നൃത്ത അധ്യാപികയെ ഉൾപ്പെടെയുള്ളവരെ പോലീസ് വരുംദിവസങ്ങളിൽ ചോദ്യം ചെയ്തേക്കും. പ്രതികളായ അഷ്‌കറിനെയും അഖിലയെയും പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.