മാർത്തോമ്മാ ഭവനത്തിനു നേരേ നടന്ന അതിക്രമങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണം: മാർ ജോസഫ് പാംപ്ലാനി

 
22
കൊച്ചി: കളമശേരി മാർത്തോമ്മാ ഭവനത്തിനു നേരേ നടന്ന അതിക്രമങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. നാലു പതിറ്റാണ്ടിലധികമായി മാർത്തോമ്മാ ഭവനത്തിൻ്റെ കൈവശമുള്ള ഭൂമിയിൽ നടന്ന അതിക്രമങ്ങളും കൈയേറ്റവും അപലപനീയവും നിയമ വ്യവസ്ഥിതിക്കേറ്റ മുറിവുമാണ്. ഇവിടെയുള്ള വൈദികർക്കും സന്യാസിനിമാർക്കും സുരക്ഷയും നീതിയും ഉറപ്പാക്കണം.

രോഗികളുൾപ്പെടെയുള്ള സന്യാസിനിമാർ താമസിക്കുന്ന മഠത്തിലേക്കുള്ള വഴി തട ഞ്ഞ് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നത് ഒരു തരത്തിലും നീതീകരിക്കാനാ കില്ല. കോടതിവിധിയെ മറികടന്ന് ആസൂത്രിതമായാണു രാത്രിയിൽ ഇവിടെ അക്രമവും ഭീഷണിപ്പെടുത്തലും കൈയേറ്റവും ഉണ്ടായത്. നിയമ സംവിധാനങ്ങൾക്കും സമൂഹത്തിലെ സൗഹാർദ അന്തരീക്ഷത്തിനും ഭീഷണി ഉയർത്തുന്ന അക്രമികളെ നിയന്ത്രിക്കാനും നീതി ഉറപ്പാക്കാനും സർക്കാർ ശ്രദ്ധിക്കണമെന്ന് മാർ പാംപ്ലാനി ആവശ്യപ്പെട്ടു.

അതിക്രമങ്ങൾ നടന്ന മാർത്തോമ്മാ ഭവന ത്തിൽ മാർ പാംബ്ലാനി ഇന്നലെ സന്ദർശനം നടത്തി. ഇവിടത്തെ വൈദികർക്കും സന്യാസിനിമാർക്കും സഭയുടെ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിരൂപതാ പ്രൊക്യുറേറ്റർ ഫാ. തോമസ് വൈക്കത്തുപറമ്പിലും ആർച്ച്ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു. നേരത്തേ ബിഷപ്പ് മാർ തോമസ് ചക്യത്ത്, യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത തുടങ്ങിവരും മാർത്തോമ്മാ ഭവനം സന്ദർശിച്ചു പിന്തുണ അറിയിച്ചിരുന്നു.

Tags

Share this story

From Around the Web