ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ആര്‍എസ്എസിനെ കുറിച്ച് പഠിപ്പിക്കാന്‍ നീക്കം

 
rss

ഡൽഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ആര്‍എസ്എസിനെ കുറിച്ച് പഠിപ്പിക്കാന്‍ നീക്കം. രാഷ്ട്രനീതി എന്ന പേരിൽ പുതിയ പാഠ്യപദ്ധതി ഉൾപ്പെടുത്താനാണ് ആലോചന .

ആര്‍എസ്എസ് രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പഠിപ്പിക്കുമെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി ആഷിഷ് സൂദ് പറഞ്ഞു. 1 മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർഥികളിൽ പൗരബോധം, ധാർമ്മിക ഭരണം, ദേശീയത എന്നിവ വളർത്തുകയാണ് ലക്ഷ്യം .ആർ‌എസ്‌എസിന്‍റെ ഉത്ഭവം, ചരിത്രം, തത്വചിന്ത, സ്വാതന്ത്ര്യ സമരത്തിന് നൽകിയ സംഭാവന എന്നിവ പഠിപ്പിക്കാനാണ് നീക്കം.

ആർ‌എസ്‌എസിന്‍റെ ആശയങ്ങൾ, രക്തദാന പ്രവർത്തനങ്ങൾ, ഭക്ഷ്യ വിതരണം, കേദാർനാഥ്, ബിഹാർ വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങളിലെ പ്രവര്‍ത്തനം, കോവിഡ് മഹാമാരി സമയത്തുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങളെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ സംഘടനയുടെ പങ്കിനെക്കുറിച്ചും പഠിപ്പിക്കും.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ ആർ‌എസ്‌എസുമായി ബന്ധപ്പെട്ട പ്രമുഖ നേതാക്കളുടെ സംഭാവനകളെക്കുറിച്ചും പാഠ്യപദ്ധതിയിലുണ്ടാകും. ഇതിനായി എസ്‌സി‌ഇ‌ആർ‌ടി അധ്യാപക മാനുവലുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും പരിശീലന സെഷനുകൾ നടക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട്. '

നമോ വിദ്യാ ഉത്സവ്' എന്ന പേരിൽ അവതരിപ്പിച്ച മൂന്ന് പുതിയ പാഠ്യപദ്ധതികളുടെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച ഭാരത് മണ്ഡപത്തിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത രാഷ്ട്രനീതി പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Tags

Share this story

From Around the Web