ക്രൈസ്തവർക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ സർക്കാർ നടപടികൾ അനിവാര്യം: കെസിബിസി ജാഗ്രത കമ്മീഷൻ

 
344
കൊച്ചി: രാജ്യത്തിന്റെ പലഭാഗത്തും ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ അതിക്രമങ്ങൾ തടയാൻ സത്വരമായ സർക്കാർ നടപടികൾ അനിവാര്യമെന്നു കെസിബിസി ജാഗ്രത കമ്മീഷൻ. ഭാരത സംസ്കാരത്തിന്റെ അനന്യതയായ മതസൗഹാർദത്തിനും സഹവർത്തിത്വത്തിനും കളങ്കമാകുന്ന ഇത്തരം വർഗീയ അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കണ്ടെത്തി നിയമ നടപടികൾക്ക് വിധേയരാക്കാൻ സർക്കാരുകൾ തയ്യാറാകണമെന്നു കെ‌സി‌ബി‌സി ആവശ്യപ്പെട്ടു.

ഭാരത സംസ്കാരത്തിന്റെ അനന്യതയായ മതസൗഹാർദത്തിനും സഹവർത്തിത്വത്തിനും കളങ്കമാകുന്ന ഇത്തരം വർഗീയ അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കണ്ടെത്തി നിയമ നടപടികൾക്ക് വിധേയരാക്കാൻ സർക്കാരുകൾ തയ്യാറാകണം. രാജ്യത്തിന്റെ പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കുചേർന്നതിലൂടെ ഇത്തവണ നൽകിയത് പരസ്പര ബഹുമാനത്തിന്റെയും ആദരവിന്റെയും സന്ദേശമായിരുന്നു.

എങ്കിലും ക്രിസ്തുമസിനോട് അനുബന്ധിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളിലും ക്രൈസ്തവർ അതിക്രമങ്ങൾ നേരിടുകയും അവരുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്തത് ഒരു വിഭാഗത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയും ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയുമാണ് വെളിപ്പെടുത്തുന്നത്. നിരവധി അതിക്രമങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിൽ, വർഗീയ ധ്രുവീകരണത്തിന്റെ എല്ലാ നീക്കങ്ങളെയും പരസ്യമായി തള്ളിപ്പറയാനും നിയമം അനുശാസിക്കുന്ന നടപടികൾ കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ സി‌എം‌ഐ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web