ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നീതി നല്‍കാതെ സര്‍ക്കാര്‍ അവഗണിക്കുന്നു- മാര്‍ ജോസഫ് പാംപ്ലാനി

ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നീതി നല്‍കാതെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തോലിക്ക എയിഡഡ് മേഖലയോടു പുലര്‍ത്തുന്ന നീതിനിഷേധത്തിനെതിരെ കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍, കോട്ടയം, തലശേരി അതിരൂപതയുടെ വിദ്യാഭ്യാസ ഏജന്‍സികളുടെ സഹകരണത്തോടെ നടത്തിയ കണ്ണൂര്‍ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇതര സമുദായങ്ങളില്‍നിന്നു ഭിന്നമായി ക്രൈസ്തവ മാനേജുമെന്റുകളിലെ അധ്യാപകര്‍ക്കു മാത്രം ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ ശമ്പളം നല്‍കാതെ ഏഴു വര്‍ഷമായി തടഞ്ഞുവച്ചിരിക്കുന്നു. നിയമന അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് എന്‍എസ്എസ് സുപ്രീംകോടതിയില്‍നിന്ന് നേടിയ വിധി എല്ലാ മാനേജ്‌മെന്റുകള്‍ക്കും ബാധകമായിട്ടും അത് അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല.
ക്രൈസ്തവ സ്‌കൂളുകളിലെ ശമ്പളം ലഭിക്കാത്ത അധ്യാപകരുടെ വിഷയത്തില്‍ നാലുമാസത്തിനകം തീരുമാനമെടുക്കണമെന്ന കേരള ഹൈക്കോടതി വിധി വന്നിട്ട് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ അനങ്ങന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു.
നിയമനങ്ങള്‍ ക്രമവല്ക്കരിക്കണമെന്നും ജോലി ചെയ്യന്നവര്‍ക്ക് വേതനത്തിന് അര്‍ഹതയുണ്ടെന്നും കണ്ണൂര്‍ രൂപത സഹായമെത്രാന്‍ ഡോ. ഡെന്നീസ് കുറപ്പശേരി പറഞ്ഞു.
കണ്ണൂര്‍ രൂപത കോര്‍പറേറ്റ് മാനേജര്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, കോട്ടയം അതിരൂപത ശ്രീപുരം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോയി കട്ടിയാങ്കല്‍, തലശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ. സോണി വര്‍ഗീസ് വടശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്റ്റേഡിയം കോര്‍ണറില്‍നിന്ന് ആരംഭിച്ച പ്രതിഷേധ റാലി കാള്‍ടെക്‌സ് ജംഗ്ഷന്‍ ചുറ്റി കളക്ടറേറ്റ് പടിക്കല്‍ സമാപിച്ചു.