ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: തടവുകാരുടെ മൊഴിയെടുക്കാൻ പൊലീസ്; കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത

കണ്ണൂര്‍: ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ജയിൽ ഡിഐജി വി. ജയകുമാറിൻ്റെ അന്വേഷണ റിപ്പോർട്ട് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായക്ക് ഇന്ന് സമർപ്പിക്കും. ജയിൽ ഡിജിപിയുടെ നിലപാടിന് അനുസരിച്ചായിരിക്കും തുടർനടപടികൾ. കണ്ണൂർ സെൻട്രൽ ജയിലിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത.
അതേസമയം , ജയിൽ ചാട്ടത്തെക്കുറിച്ച് സെൻട്രൽ ജയിലിലെ മറ്റു തടവുകാർക്ക് നേരത്തെ അറിയാമായിരുന്നു എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ തടവുകാരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.. ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന പത്താം നമ്പർ ബ്ലോക്കിലുള്ള തടവുകാരുടെ മൊഴിയാണ് രേഖപ്പെടുത്തുക.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ മാധ്യമങ്ങളോട് സംസാരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിന് എതിരെയാണ് നടപടിയെടുത്തത്.ഗോവിന്ദ ചാമി ജയിൽ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിൻ്റെ പ്രതികരണം.മാധ്യമ പ്രതികരണങ്ങളിലൂടെ വകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തിയെന്ന് കാണിച്ചാണ് നടപടി.സൗത്ത് സോൺ ജയിൽ ഡിഐജിയുടേതാണ് ഉത്തരവ്.