പിടികൂടുമ്പോൾ ചില ആയുധങ്ങൾ ഗോവിന്ദച്ചാമിയുടെ കൈയ്യിൽ ഉണ്ടായിരുന്നു, ജയിൽ ചാടാൻ പ്രതി നേരത്തെ ആസൂത്രണം ചെയ്തിരുന്നു: സിറ്റി പൊലീസ് കമ്മീഷണര്‍

ഗോവിന്ദച്ചാമിയെ പിടികൂടിയത് മൂന്നര മണിക്കൂറിനുള്ളിലെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍. പ്രതി ജയില്‍ ചാടിയത് 4.15നും അഞ്ച് മണിക്കും ഇടയിലുള്ള സമയത്താണെന്നും പൊലീസിന് വിവരം ലഭിച്ചത് ആറരയോടെയാണെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിയെ ആരെങ്കിലും ജയില്‍ ചാടാന്‍ സഹായിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുമെന്നും മതില്‍ ചാടാന്‍ പുതപ്പ് ലഭിച്ചത് സംബന്ധിച്ചും മറ്റും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഗോവിന്ദച്ചാമി ജയില്‍ ചാടിയതുമായി ബന്ധപ്പെട്ട വിവരം പൊലീസിന് ലഭിക്കുന്നത് രാവിലെ 6.30 ഒക്കെ കഴിഞ്ഞിട്ടാണ്. ആ സമയം കഴിഞ്ഞതു മുതല്‍ തന്നെ വലിയ ജാഗ്രതയോടെ കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ പൊലീസിനായിട്ടുണ്ട്. കണ്ണൂര്‍ റേഞ്ചിലും സംസ്ഥാനത്തുടനീളമുള്ള സേനാ വിഭാഗങ്ങളിലേക്കും വിവരങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇങ്ങനെ ഒരു ജയില്‍ ചാട്ടം ഉണ്ടായ സമയത്ത് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാനും ഒരു ജാഗ്രത ഉണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് 4.15 നും 5 മണിക്കും ഇടയിലുള്ള സമയത്താണ് ജയില്‍ ചാടിയതെന്ന് മനസിലാകുന്നത്.
അതിന് ശേഷം സാധ്യമായ വഴികളിലൂടെയൊക്കെ അന്വേഷണം വ്യാപിപ്പിച്ചു. ഇവിടെ നില്‍ക്കുന്നവരുടെയും അതിന് പുറത്തുള്ളതുമായി പൊലീസുദ്യോഗസ്ഥരുടയും പിന്തുണയോടെയാണ് പ്രതിയെ പിടികൂടാനായത്. വിവരം ലഭിച്ച് മൂന്നര മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടാന്‍ സാധിച്ചു,' കമ്മീഷണര്‍ പറഞ്ഞു.