വീണ്ടും ഇടിഞ്ഞ് സ്വർണവില, നാല് ദിവസത്തിനിടെ കുറഞ്ഞത് 1440 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്. നേരിയ രീതിയിലാണ് ഇന്നത്തെ വിലയിടിവ്. 40 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,320 രൂപയായി. ഗ്രാമിന് അഞ്ചു രൂപയാണ് കുറഞ്ഞത്. 9290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കുറേ നാളുകളായി റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. വെള്ളിയാഴ്ച 75,760 രൂപ രേഖപ്പെടുത്തി റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു സ്വർണവില. നാലു ദിവസത്തിനിടെ പവന് 1440 രൂപയിലധികമാണ് കുറഞ്ഞത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
ചിങ്ങവും ഓണവും വിവാഹ സീസണും അടുത്തിരിക്കെ സ്വർണവിലയിടിഞ്ഞത് വിവാഹം ഉൾപ്പെടെ വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസമാണ്.
ഈ മാസത്തിന്‍റെ ആദ്യത്തിൽ 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ശനിയാഴ്ച മുതല്‍ കുറയാന്‍ തുടങ്ങിയത്.