സ്വർണവിലയിൽ വർധന; പുതിയ റെക്കോഡ് കുറിച്ച് മഞ്ഞലോഹം

കേരളത്തിൽ സ്വർണവിലയിൽ വർധന. ഗ്രാമിന് 70 രൂപയുടെ വർധനയാണ് ഉണ്ടായത്. 10,200 രൂപയായാണ് വില വർധിച്ചത്. പവന്റെ വിലയിൽ 560 രൂപയുടേയും വർധനയുണ്ടായി. 81,600 രൂപയായാണ് വില വർധിച്ചത്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. സെപ്തംബർ 10ാം തീയതി സ്വർണവില 81,000 കടന്നിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ ഉയർന്ന് 8375 രൂപയിലേക്ക് എത്തി. വെള്ളിവിലയിലും നേരിയ വർധന രേഖപ്പെടുത്തി. അതേസമയം, ആഗോളവിപണിയിലും സ്വർണവിലയിൽ വർധന രേഖപ്പെടുത്തി.
തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വർണവില ഉയരുന്നത്. സ്പോട്ട് ഗോൾഡ് നിരക്ക് 0.4 ശതമാനം ഉയർന്ന് 3,647.76 ഡോളറായി. ഇൗ ആഴ്ച മാത്രം സ്വർണവിലയിൽ 1.7 ശതമാനത്തിന്റെ വർധനയുണ്ടായി. യു.എസിൽ സ്വർണത്തിന്റെ ഭാവി വിലകളും ഉയരുകയാണ്. 0.4 ശതമാനം ഉയർന്ന് സ്വർണവില 3,686.50 ഡോളറായി. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശകുറക്കുമെന്ന പ്രതീക്ഷകൾ തന്നെയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
2025 അവസാനമാകുമ്പോഴേക്കും മൂന്ന് തവണ ഫെഡറൽ റിസർവ് പലിശ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പുണ്ടായിരുന്ന പ്രവചനത്തിൽ നിന്നും വിഭിന്നമാണ് ഇതെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. പലിശനിരക്ക് കുറക്കൽ മുന്നിൽ കണ്ട് ആളുകൾ കൂട്ടത്തോടെ സ്വർണത്തിൽ നിക്ഷേപിക്കുന്നത് വില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.
ഏഴ് മാസത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് യു.എസ് ഉപഭോക്തൃ വില സൂചിക എത്തിയിട്ടുണ്ട്. എന്നാൽ, ബുധനാഴ്ച വന്ന റിപ്പോർട്ട് പ്രകാരം യു.എസിലെ സാധനങ്ങളുടെ ഉൽപാദക വിലയിൽ കുറവുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിൽ യു.എസ് സമ്പദ്‍വ്യവസ്ഥയിൽ ഇത് പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. ഫെഡറൽ റിസർവിന്റെ പലിശനിരക്കിനേയും ഇത് സ്വാധീനിക്കും.