റെക്കോഡ് തകർത്ത് സ്വർണവില, പവന് 90,000 കടന്നു; 10 ദിവസത്തിനിടെ 5,640 രൂപയുടെ വർധന

 
gold

സംസ്ഥാനത്ത് സ്വർണവില പവന് 90,000 കടന്ന് പുതിയ സർവകാല റെക്കോഡിലെത്തി. 22 കാരറ്റ് (916) സ്വർണത്തിന് ബുധനാഴ്ച ഗ്രാമിന് 105 രൂപ ഉയർന്ന് 11,290 രൂപയിലും പവന് 90,320 രൂപയിലുമാണ് വിൽപ്പന നടക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില ഇത്രയും ഉയരുന്നത്.

സെപ്റ്റംബർ 28ന് ഗ്രാമിന് 10,585 രൂപയായിരുന്നത് പത്ത് ദിവസത്തിനിടെ 705 രൂപ കൂടിയാണ് 11,290ലെത്തിയത്. അതായത് ഇത്രയും ദിവസത്തിനിടെ പവന് 5,640 രൂപ വർധിച്ചു. ഇടയ്ക്ക് ഏതാനും ദിവസം നേരിയ തോതിൽ വില കുറഞ്ഞെങ്കിലും തുടർച്ചയായ ആറാം ദിവസവും വില കൂടിയതോടെ പുതിയ റെക്കോർഡിൽ എത്തുകയായിരുന്നു.

അന്താരാഷ്ട്ര സ്വർണവില ഔൺസിന് 4,000 ഡോളർ മറികടന്ന് 4,015ലെത്തിലെത്തി. ഇതും ചരിത്രത്തിലെ ഉയർന്ന വിലയാണ്. 2008ല്‍ 1000 ഡോളറും 2011ൽ 2000 ഡോളറും 2021ൽ 3000 ഡോളറും മറികടന്നതിനുശേഷമാണ് ഇന്ന് 4000 ഡോളറെന്ന നാഴികക്കല്ല് പിന്നിട്ടത്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 88.75 ആണ്. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലിയടക്കം ലക്ഷം രൂപക്കടുത്ത് നൽകേണ്ട സാഹചര്യമാണുള്ളത്.

Tags

Share this story

From Around the Web