ദൈവദാസൻ ജോസഫ് പഞ്ഞിക്കാരൻ ധന്യ പദവിയിൽ
2025 ഡിസംബർ 18 -ന് ലെയോ പതിനാലാമൻ മാർപാപ്പാ മറ്റ് രണ്ട് പേരോടൊപ്പം ദൈവദാസൻ മോൺസിഞ്ഞോർ ജോസഫ് പഞ്ഞിക്കാരൻ്റെ ജീവിത വിശുദ്ധി ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ട് അദ്ദേഹത്തെ ധന്യൻ (venerable) ആയി പ്രഖ്യാപിച്ചു.
അവിഭക്ത എറണാകുളം അതിരൂപതയിൽ ചേർത്തലയ്ക്കടുത്തുള്ള ഉഴുവ ഗ്രാമത്തിൽ പഞ്ഞിക്കാരൻ കുടുംബത്തിൽ ചാക്കോ- മറിയം ദമ്പതികളുടെ മൂന്നാമത്തെ മകനായി 1888 സെപ്റ്റംബർ 10 നാണ് ജോസഫ് പഞ്ഞിക്കാരൻ ജനിച്ചത്.
പ്രാഥമിക വിദ്യാഭ്യാസം നാട്ടിൽ പൂർത്തിയാക്കിയ ജോസഫ് പഞ്ഞിക്കാരൻ തൃശ്ശിനാപിള്ളി സെന്റ് ജോസഫ് കോളേജിൽ നിന്നും 1911 ൽ ബി.എ യും, 1913 എം.എ യും കരസ്ഥമാക്കി.സുറിയാനി കത്തോലിക്കാരുടെയിടയിൽ നിന്ന് ആദ്യമായി MA പാസ്സായ അദ്ദേഹം പ്രേഷിതപ്രവർത്തനത്തിനുള്ള ആഗ്രഹവുമായി എറണാകുളത്ത് സെമിനാരിയിൽ ചേർന്നു.
കാൻഡി സെമിനാരിയിൽ പഠനം പൂർത്തിയാക്കി 1918 ഡിസംബർ 21 ന് വൈദികനായി അഭിഷിക്തനായി. ആലുവ സെന്റ് മേരീസ് സ്കൂളിൽ അദ്ധ്യാപകനായി പൗരോഹിത്യജീവിതം ആരംഭിച്ച അദ്ദേഹം താമസിയാതെ പ്രേഷിത പ്രവർത്തനത്തിനാണ് താൻ വിളിക്കപ്പെട്ടിരിക്കുന്നതെന്ന തൻ്റെ ബോധ്യത്തിൽ നിന്ന് അഭിവന്ദ്യ കണ്ടത്തിൽ പിതാവിന്റെ അനുമതിയോടെ അധ്യാപകവൃദ്ധി വിട്ട് പാവപ്പെട്ടവരുടെയും ദളിതരുടെയും മധ്യത്തിലേക്കിറങ്ങി.
ഇന്നത്തെ എറണാകുളം, കോതമംഗലം, ഇടുക്കി രൂപതകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ രോഗികളും, അവശരും ആലംബഹീനരുമായ ആളുകളുടെ മദ്ധ്യേ അദ്ദേഹം തൻ്റെ പ്രവർത്തനം കേന്ദ്രീകരിച്ചു.
1925 -ൽ റോമിൽ നടന്ന ഇന്റർനാഷണൽ മിഷൻ എക്സിബിഷനിൽ സിറോമലബാർ സഭയുടെ പ്രതിനിധിയായി അദ്ദേഹം വത്തിക്കാനിൽ പ്രവർത്തിച്ചു. റോമിൽ നിന്ന് ഫിലോസഫി, തീയോളജി, കാനൻ ലോ എന്നീ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടി തിരിച്ചെത്തിയ അദ്ദേഹം വീണ്ടും തൻ്റെ പ്രേഷിത പ്രവർത്തനം തുടർന്നു.
യൂറോപ്പിലെ അനുഭവങ്ങൾ അദ്ദേഹത്തെ പുതിയ പ്രവർത്തന മേഖലകളിലേക്ക് നയിച്ചു. മതസംവാദത്തിനായി ഒരു കേന്ദ്രവും സത്യദീപം വാരികയും ആരംഭിച്ചു.
1920-കളിൽ, കേരളം (അന്ന് തിരുവിതാംകൂർ, കൊച്ചി, മദ്രാസ് പ്രസിഡൻസിയുടെ മലബാർ ജില്ല എന്നിങ്ങനെ വിഭജിക്കപ്പെട്ടിരുന്നത്) കാലാവസ്ഥ, ദാരിദ്ര്യം, പരിമിതമായ പൊതുജനാരോഗ്യ സംവിധാനങ്ങൾ എന്നിവയുടെ സ്വാധീനത്തിൽ നിരവധി പകർച്ചവ്യാധികൾ അനുഭവിച്ചു.
മലേറിയ, കോളറ, വസൂരി, ഹുക്ക്‌വേം തുടങ്ങിയ രോഗങ്ങൾ വ്യാപകമായിരുന്നു. കുട്ടികളിൽ മരണനിരക്ക് വളരെ ഉയർന്നിരുന്നു. 1918-ലെ ഇൻഫ്ലുവൻസ (സ്പാനിഷ് ഫ്ലു) മഹാമാരിയുടെ പ്രധാന ഘട്ടം 1919-ഓടെ അവസാനിച്ചെങ്കിലും, അതിന്റെ തുടർഫലമായി 1920-കളിൽ പ്രാദേശികമായി പകർച്ചവ്യാധികൾ തുടർന്നുണ്ടായിക്കൊണ്ടിരുന്നു .
1920 കളിൽ ഈ പ്രദേശത്തിൻ്റെ പ്രധാന സർക്കാർ ആശുപത്രിയായി വളർന്നത് എറണാകുളം ജില്ലയിലെ ജനറൽ ആശുപത്രി മാത്രമായിരുന്നു. ഈ ആശുപത്രി മാത്രമാണ് രോഗങ്ങൾ, പരുക്കുകൾ, പകർച്ചവ്യാധികൾ എന്നിവയുടെ ചികിത്സയ്ക്ക് മുഖ്യ കേന്ദ്രമായ ഒരു ഉറപ്പുള്ള പൊതുആശുപത്രിയായി പ്രവർത്തിച്ചിരുന്നത്.
എന്നാൽ അവിടെ ദളിതർക്കും താഴ്ന്നവർക്കും പ്രവേശനം ഉണ്ടായിരുന്നില്ല. 1920-കളിൽ മൂവാറ്റുപുഴയിൽ ഒരു ഡിസ്‌പെൻസറി ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു.
എറണാകുളം അതിരൂപതയുടെ കിഴക്കൻ മലയോരപ്രദേശങ്ങളിൽ കോതമംഗലം കേന്ദ്രീകരിച്ചു തൻ്റെ പ്രേഷിതപ്രവർത്തനം അദ്ദേഹം ശക്തിപ്പെടുത്തി. കോതമംഗലത്തടുത്തു സ്ഥലം വാങ്ങി അതിന് ധർമ്മഗിരി എന്ന് പേരിട്ട് അക്കാലത്ത് ഏറ്റവും ആവശ്യമായിത്തോന്നിയ ഒരു ചികിത്സാകേന്ദ്രം ആരംഭിച്ചു.
തൻ്റെ കുഞ്ഞുനാളിൽ അമ്മയെയും ചില സഹോദരങ്ങളെയും കോളറവ്യാധി മൂലം നഷ്ടപ്പെട്ടതിൻ്റെ വേദന സാധാരണക്കാർക്ക് ചികിത്സാ സൗകര്യം ഒരുക്കാൻ അദ്ദേഹത്തെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടാവണം.
പുസ്തകങ്ങൾ വാങ്ങി പഠിച്ച്, ആദ്യനാളുകളിൽ സ്വയം മുറിവുകൾ വെച്ചുകെട്ടുകയും അത്യാവശ്യ മരുന്നുകൾ കൊടുക്കുകയും ചെയ്തിരുന്നു. രോഗികൾ കൂടിയപ്പോൾ ഒരു ഡോക്ടറുടെ സഹായം തേടി. ഡോക്ടർമാർക്ക് പണം നൽകി രോഗികളെ സൗജന്യമായി ചികിൽസിക്കാൻ സാധിക്കില്ലെന്ന് അറിഞ്ഞ് നഴ്സിംഗ്, മിഡ്‌വൈഫറി, ഫാർമസി തുടങ്ങിയവ പഠിച്ച്, രോഗികളായ സാധുക്കളെയും അവശരെയും സഹായിക്കാൻ സന്മനസ്സുള്ളവരെ അദ്ദേഹം ക്ഷണിച്ചു.
അങ്ങനെ വന്ന സുമനസ്സുകളെ വടക്കേ ഇന്ത്യയിൽ ചിലയിടങ്ങളിൽ വിട്ട് പഠിപ്പിച്ച് ധർമഗിരിയിൽ സഹായത്തിനാക്കി. (1924 ലിലാണ് എറണാകുളത്തു നഴ്സിംഗ് സ്കൂൾ ആരംഭിക്കുന്നത്.) രോഗികളുടെ എണ്ണം കൂടിക്കൂടിവന്നു. ആശുപത്രികളുടെ ആവശ്യമുള്ള സ്ഥലങ്ങളുടെ എണ്ണവും കൂടിക്കൊണ്ടൊരുന്നു. അങ്കമാലി Little Flower തുടങ്ങി പലസ്ഥലങ്ങളിലും ചികിത്സകൾ ആരംഭിച്ചു. പ്രസവങ്ങൾ വീടുകളിൽ നടന്നിരുന്ന അക്കാലത്തു്, ശിശുമരണങ്ങൾ ഏറെയായിരുന്നു.
സിസ്റ്റേഴ്സ് വീടുകളിൽ പോയി ശുശ ശുശ്രൂഷ ചെയ്തുസഹായിച്ചിരുന്നു. തൻ്റെ പ്രേഷിതപ്രവർത്തം തുടർന്നുകൊണ്ടുപോകാൻ, താനൊരുക്കിയ പെൺകുട്ടികളിൽ നിന്ന് താല്പര്യമുള്ളവരെ ചേർത്ത് അദ്ദേഹം Medical Sisters of St. Joseph എന്ന സന്യാസിനീ സമൂഹത്തിന് തുടക്കം കുറിച്ചു. ഇന്നവർ കേരളത്തിൽ മാത്രമല്ലാ ഇന്ത്യയിൽ പലയിടങ്ങളിലും വിദേശ രാജ്യങ്ങളിലും പഞ്ഞിക്കാരനച്ചനെ നയിച്ച വിശുദ്ധ വചനം: “ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ ചെയ്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തത്. (Mt. 25:40) ഹൃദയത്തിൽ പേറി പ്രേഷിതജീവിതം നയിക്കുന്നു .
പ്രേഷിതപ്രവർത്തനങ്ങളുടെയും ആതുരസേവനങ്ങളുടെയും തിരക്കിനിടയിലും പഞ്ഞിക്കാരനച്ചൻ സഭയുടെ പൊതുവായ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തിയിരുന്നു. 1932 -ൽ ഡബ്ലിനിൽ നടന്ന ദിവ്യകാരുണ്ണ്യ കോൺഗ്രസിൽ സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച് പഞ്ഞിക്കാരനച്ചനാണ് പങ്കെടുത്തത്.
എറണാകുളം, ചങ്ങനാശ്ശേരി രൂപതകളുടെ അതിരുകളിൽ വ്യക്തത വരുത്താൻ അന്നത്തെ അപ്പസ്റ്റോലിക് നുണ്ഷിയോ അച്ചനെയാണ് ഏല്പിച്ചത്. സീറോ മലബാർ സഭയുടെ കാനോൻ നിയമത്തിന്റെ ഉറവിടങ്ങൾ കണ്ടെത്താൻ പൗരസ്‌ത്യസഭകൾക്കായുള്ള വത്തിക്കാൻ തിരുഃസംഘം അദ്ദേഹത്തെ ഏല്പ്പിച്ചു. അദ്ദേഹം തൻ്റെ ഉത്തരവാദിത്തം നിറവേറ്റിയെങ്കിലും പഠനത്തിന്റെ ഒരു നല്ല ഭാഗം റോമിൽ എത്തിയശേഷം നഷ്ടപ്പെട്ടു.
എറണാകുളം അതിരൂപതയിലെ വിവാഹകോടതി, സത്യദീപം, മലബാർ മെയിൽ ഇവയിലൊക്കെയും മരണം വരെ അദ്ദേഹം സഹകരിച്ചിരുന്നു. 1949 നവംബർ 4 -ന് പഞ്ഞിക്കാരനച്ചൻ നിര്യാതനായി.
പുണ്ണ്യശ്ലോകനായ ജോസഫ് പഞ്ഞിക്കാരനച്ചന്റെ കല്ലറയിൽ അന്നുമുതൽ ജാതിമതഭേദമെന്ന്യേ ആളുകൾ വന്ന് പ്രാർത്ഥിച്ചിരുന്നു. 2010 ജൂലൈ 18 ന് പഞ്ഞിക്കാരനച്ചനെ ദൈവദാസനായി പ്രഖ്യാപിച്ച് രൂപതാതല പഠനങ്ങൾ ആരംഭിച്ചു. 2015 ജൂൺ 23 ന് രൂപതാതലപഠനങ്ങൾ തീർത്ത് മുഴുവൻ രേഖകളും വത്തിക്കാനിലേക്ക് അയച്ചു.
2020 ജൂലൈ 27 നിന്ന് അച്ചനെക്കുറിച്ചുള്ള രേഖകൾ ചേർത്തുള്ള പഠനഗ്രന്ധം (positio) സമർപ്പിച്ചു. ചരിത്രകാരന്മാരുടെയും, ദൈവശാസ്ത്രജ്ഞന്മാരുടെയും സുദീർഘമായ പഠനങ്ങൾക്കുശേഷം കർദിനാൾമാരുടെ സംഘം അവ പരിശോധിക്കുകയും പഞ്ഞിക്കാരനച്ചന്റെ ജീവിതവിശുദ്ധികണ്ട് മാർപ്പാപ്പയുടെ മുന്നിൽ സമർപ്പിക്കുകയും ചെയ്തു. ലിയോ പതിന്നാലാമൻ മാർപ്പാപ്പാ 2025 ഡിസംബർ 18 ന് ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനെ ഔദ്യോഗികമായി ധന്യനായി പ്രഖ്യാപിച്ചു.