'ദൈവാവിഷ്‌കരണവും വിശുദ്ധ ഗ്രന്ഥവും'; ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ദൈവാവിഷ്കരണത്തെയും വിശുദ്ധഗ്രന്ഥത്തെയും കുറിച്ചുള്ള അടിസ്ഥാന ദൈവശാസ്ത്ര പ്രമേയങ്ങളുടെ ലളിതമായ അവതരണവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പണ്ഡിതനുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ രചിച്ച 'ദൈവാവിഷ്‌കരണവും വിശുദ്ധ ഗ്രന്ഥവും' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
സഭാത്മകപ്രമേയങ്ങൾ അടിസ്ഥാനമാക്കി വിശുദ്ധഗ്രന്ഥ ദൈവശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഹ്രസ്വമായും വ്യക്തമായും അവതരിപ്പിക്കുന്ന പുസ്തകം, പ്രമുഖ പ്രസാധകരായ തിരുവനന്തപുരം കാർമ്മൽ പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സാധാരണക്കാർക്കും ദൈവശാസ്ത്ര വിദ്യാർത്ഥികൾക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വിധത്തിലുള്ള ലളിതമായ ഭാഷയിലുള്ള വിവരണം, പെട്ടെന്ന് റഫറൻസിനായി ഉപയോഗിക്കാവുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന പ്രായോഗിക രൂപകൽപന, ദൈവവചനത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്കുള്ള വിലപ്പെട്ട ഗൈഡ് എന്നീ നിരവധി സവിശേഷതകളാണ് പുസ്തകത്തിനുള്ളത്.
ദൈവാവിഷ്കരണത്തെയും വിശുദ്ധഗ്രന്ഥത്തെയും കുറിച്ചുള്ള അടിസ്ഥാന ദൈവശാസ്ത്രപ്രമേയങ്ങൾ അജപാലനപരമായ ഉദ്ദേശ്യത്തോടുകൂടി കഴിവതും ലളിതമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ ചെറിയ പുസ്‌തകത്തിലൂടെ നടത്തിയിട്ടുള്ളതെന്നും ഒരു ഹാൻഡ് ബുക്കുപോലെ ഉപയോഗിക്കാൻ കഴിയുന്നവിധത്തിൽ ഹ്രസ്യമായും വ്യക്തമായും വിശുദ്ധ ഗ്രന്ഥ ദൈവശാസ്ത്രത്തിൻ്റെ സഭാത്മകപ്രമേയങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ പറഞ്ഞു.