അക്രമത്തിന് ഇരയായ നിരപരാധികളുടെ നിലവിളി ദൈവം കേൾക്കാതെ ഇരിക്കില്ല: ലെയോ പതിനാലാമൻ പാപ്പ

അക്രമത്തിന് ഇരയായ നിരപരാധികളുടെ ഒരു നിലവിളിയും ദൈവം കേൾക്കാതെ ഇരിക്കില്ലെന്ന് ലെയോ പതിനാലാമൻ പാപ്പ. അമേരിക്കയിൽ നിന്ന് റോമിൽ വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ കബറിടങ്ങൾ സന്ദർശിക്കുന്നതിന് എക്യുമെനിക്കൽ തീർഥാടനമായി എത്തിയ കത്തോലിക്കരും ഓർത്തഡോക്സ്കാരും അടങ്ങുന്ന സംഘത്തെ കാസിൽ ഗന്തോൾഫൊയിലെ വേനൽക്കാല വസതിയിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു പാപ്പ.
ഓർത്തഡോക്സ് മെത്രാപ്പോലീത്ത എൽപിദോഫോറസും കർദിനാൾ ജോസഫ് വില്ല്യം തോബിനും ചേർന്നാണ് ഈ തീർഥാടനം ഒരുക്കിയത്. ഈ തീർഥാടക സംഘം വിശുദ്ധ അന്ത്രയോസിന്റെ കബറിടം സന്ദർശിക്കാനും പദ്ധതിയിട്ടു. അപ്പോസ്തലന്മാർ കൈമാറിയ സുവിശേഷം ശ്രവിക്കുകവഴി കൈവന്ന വിശ്വാസം നവമായ രീതിയിൽ അനുഭവിക്കാനുള്ള ഒരു മാർഗം കൂടിയാണ് ഉറവിടങ്ങളിലേക്കുള്ള ഈ യാത്രയെന്ന് പാപ്പ പ്രസ്താവിച്ചു.
നിഖ്യാ സൂനഹദോസിൻറെ 1700-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തിലും ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ജുബിലിയാചരണ വർഷത്തിലുമാണ് ഈ തീർഥാടനമെന്നതും പാപ്പ എടുത്തു പറഞ്ഞു. “കർത്താവ് സത്യമായും ഉയിർത്തെഴുന്നേറ്റു എന്ന പ്രഘോഷണം ബലികഴിക്കപ്പെട്ട കുഞ്ഞാടായ നമ്മുടെ കർത്താവായ യേശുക്രിസ്തു പാപത്തിൻറെയും മരണത്തിൻറെയും അന്ധകാരത്തെ ഇല്ലാതാക്കിയെന്ന പ്രഖ്യാപനമാണെന്നും ഇത് നമുക്ക് വലിയ പ്രതീക്ഷ നൽകുന്നു. കാരണം, ഇത് അക്രമത്തിന് ഇരയായ നിരപരാധികളുടെ ഒരു നിലവിളിയും, മക്കളെപ്രതിയുള്ള അമ്മമാരുടെ ഒരു വിലാപവും കേൾക്കപ്പെടാതെ പോകില്ലെന്ന അവബോധം നമ്മിലുളവാക്കുന്നു” പാപ്പ പറഞ്ഞു.
കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമന് തന്റെ ആശംസകളും സമാധാനാശ്ലേഷവും നല്കാൻ ഈ തീർഥാടകസംഘത്തോട് പാപ്പ അഭ്യർഥിച്ചു.