2027 ലെ ആഗോള യുവജന സമ്മേളനം: തട്ടിപ്പുകളിൽ വീഴാതിരിക്കാൻ വ്യാജ സൈറ്റുകൾ ഒഴിവാക്കാൻ സംഘാടകരുടെ മുന്നറിയിപ്പ്

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഒരു വ്യാജ സൈറ്റ് പുറത്തുവന്നിരിക്കുന്നതിനാൽ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ എല്ലായ്‌പ്പോഴും ഔദ്യോഗിക വെബ്‌സൈറ്റ് വിലാസം പരിശോധിക്കണമെന്ന് 2027 ലെ ആഗോള യുവജന സമ്മേളനത്തിന്റെ സംഘാടകർ മുന്നറിയിപ്പ് നൽകുന്നു. 2027 ലെ ലോക യുവജനദിനത്തിന്റെ (WYD Seoul 2027) സോഷ്യൽ നെറ്റ്‌വർക്കുകൾ വഴിയാണ് സംഘാടകർ ഇപ്രകാരം നിർദേശിച്ചത്.
“ലോക യുവജന ദിന (WYD) സിയോൾ 2027 ലെ ഔദ്യോഗിക പേജ് അനുകരിക്കുന്ന ഒരു വെബ്‌സൈറ്റ് അടുത്തിടെ കണ്ടെത്തി. തെറ്റായ വിവരങ്ങൾ കൈമാറുകയും സാമ്പത്തികനഷ്ടങ്ങൾ വരുത്തിവയ്ക്കാനുള്ള സാധ്യത ഉയർത്തുകയും ചെയ്യുന്നതാണിത്. തീര്ഥാടകരുടെയും അന്താരാഷ്ട്ര വോളണ്ടിയർമാരുടെയും ഔദ്യോഗിക രജിസ്ട്രേഷൻ ഇതുവരെ ആരംഭിച്ചിട്ടില്ല” – സംഘാടകർ വ്യക്തമാക്കുന്നു.
“നിലവിൽ, യുവജന സമ്മേളനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് കൊറിയൻ, ഇംഗ്ലീഷ് ഭാഷകളിൽ മാത്രമേ ലഭ്യമാകൂ. അതിനാൽ ഏതെങ്കിലും വഞ്ചനയോ, ഉപദ്രവമോ ഒഴിവാക്കാൻ നിങ്ങൾ എല്ലായ്‌പ്പോഴും ഔദ്യോഗിക വിലാസം പരിശോധിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. മറ്റു ഭാഷകളിലെ ഔദ്യോഗിക പതിപ്പുകൾ ഇപ്പോഴും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്” – സംഘാടകർ കൂട്ടിച്ചേർത്തു.