വീട് തരാം, വോട്ട് തരൂ, ചേലക്കര ഉപതെരഞ്ഞെടുപ്പിനിടെ അന്‍വറിന്റെ ഭവനവാഗ്‌ദാനം വിശ്വസിച്ചവർ പെരുവഴിയില്‍. വീട് പൊളിച്ചവരും നിർമ്മാണം തുടങ്ങിയവരും ആയ പാവങ്ങൾ ഇപ്പോൾ തെരുവിൽ ഇറങ്ങേണ്ട ഗതികേടിൽ

തൃശൂർ: ചേലക്കരയിലെ നിർധനരായ കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ വഞ്ചിച്ചതായി ആരോപണം. അൻവറിന്റെ ഭവനവാഗ്ദാനം വിശ്വസിച്ച് വീടുകൾ പൊളിച്ചവരും നിർമാണം തുടങ്ങിയവരുമായ പാവങ്ങൾ ഇപ്പോൾ തെരുവിലിറങ്ങേണ്ട ഗതികേടിലാണ്.
ചേലക്കര ഉപതരെഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അൻവർ വീട് നൽകാമെന്ന് വാക്ക് നൽകിയത്. വേഗം നിർമാണപ്രവൃത്തികൾ തുടങ്ങുമെന്ന ഉറപ്പിൽ ഇവർ താമസിച്ചിരുന്ന പഴയ വീടുകൾ പൊളിക്കുകയായിരുന്നു. പക്ഷേ, ചേലക്കര ഫലപ്രഖ്യാപനത്തിന് ശേഷം അൻവറിനെ ഈ വഴി കണ്ടിട്ടില്ലെന്ന് ഇവർ പറയുന്നു.
ചേലക്കര നിയോജക മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളിൽ തമിഴ്നാട്ടിലെ കോർപ്പറേറ്റ് കമ്പനികളുടെ സഹായത്തോടെ 1000 വീടുകൾ കെട്ടിക്കൊടുക്കുമെന്നാണ് അൻവർ പ്രഖ്യാപിച്ചത്. അൻവർ ഡിഎംകെ ബന്ധം സ്വപ്നം കാണുന്ന കാലമായിരുന്നു അത്. മണ്ഡലത്തിലുടനീളം ഓഫീസുകൾ തുറന്ന് അപേക്ഷകൾ സ്വീകരിച്ചു.
അന്‍വറിന്റെ വാഗ്ദാനം വിശ്വസിച്ച് ജീവിതം അവതാളത്തിലായ നിരവധി പേരെ ചേലക്കര നിയോജക മണ്ഡലത്തില്‍ കാണാം. 2024 നവംബറിൽ നടന്ന ചേലക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് വിപുലമായ സംവിധാനങ്ങളും വലിയ അനുയായിക്കൂട്ടവുമായി മണ്ഡലത്തിൽ ഉടനീളമെത്തി അൻവർ ഈ വിധം സ്വാധീനിച്ച മനുഷ്യർ അനവധിയാണ്.
ഉണ്ടായിരുന്ന വീട് പൊളിച്ചുകളഞ്ഞ് താല്‍ക്കാലിക കൂരകളിലായവർ. ഒൻപത് മാസം പിന്നിട്ടു. ചേലക്കരയിലും നിലമ്പൂരിലും ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു. അന്‍വർ പരാജയപ്പെട്ടു. അന്‍വറിനെ വിശ്വസിച്ചവർ വഞ്ചിതരായി പെരുവഴിയിലും.