സൗത്ത് സുഡാനിൽ നരനായാട്ട്; 178 പേർ കൊല്ലപ്പെട്ടു; അപലപിച്ച് കത്തോലിക്കാ മെത്രാൻ സമിതി
ജുബ: ആഭ്യന്തര കലാപം രൂക്ഷമായ സൗത്ത് സുഡാനിൽ വീണ്ടും കൂട്ടക്കൊല. വടക്കൻ സൗത്ത് സുഡാനിലെ റുവെങ് ഭരണമേഖലയിലുണ്ടായ ക്രൂരമായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 178 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 90 ഓളം പേർ സാധാരണക്കാരാണെന്നും 79 പേർ സൈനികരാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നിൽ വിമത സൈന്യമാണെന്നാണ് പ്രാഥമിക നിഗമനം.
ആക്രമണത്തെത്തുടർന്ന് ജീവൻ രക്ഷിക്കാനായി നൂറുകണക്കിന് കുടുംബങ്ങൾ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഗ്രാമങ്ങൾ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ വീടുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. വയോധികരും കുട്ടികളും ഉൾപ്പെടെയുള്ളവർ ക്രൂരമായി കൊലചെയ്യപ്പെട്ടത് ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകൾ പ്രതികരിച്ചു.
കൂട്ടക്കൊലയെ ശക്തമായി അപലപിച്ച് സൗത്ത് സുഡാനിലെ കത്തോലിക്കാ മെത്രാൻ സമിതി രംഗത്തെത്തി. ജുബ ആർച്ചുബിഷപ്പ് കർദിനാൾ സ്റ്റീഫൻ അമേയു മാർട്ടിൻ മുല്ല ഉൾപ്പെടെ പത്ത് മെത്രാന്മാർ ഒപ്പിട്ട സംയുക്ത പ്രസ്താവനയിലാണ് പ്രതിഷേധം അറിയിച്ചത്. ഈ സംഭവം മനുഷ്യത്വത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് സഭ വിശേഷിപ്പിച്ചു.
സമൂഹത്തിൽ വേരൂന്നിയ പ്രതികാര ബുദ്ധി രാജ്യത്തിന്റെ ഭാവി നശിപ്പിക്കുമെന്നും, സ്വന്തം മണ്ണിൽ വെച്ച് കൊല്ലപ്പെട്ടവരുടെ രക്തം നീതിക്കായി നിലവിളിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. അക്രമികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും സഭ ആവശ്യപ്പെട്ടു.