ഗാസ, വെസ്റ്റ് ബാങ്ക് പ്രതിസന്ധി: പാലസ്തീൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് ലെയോ പതിനാലാമൻ പാപ്പ

ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാലസ്തീൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് ലെയോ പതിനാലാമൻ പാപ്പ. ജൂണ്‍ 21 നു രാവിലെയാണ് പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിൽ നിന്ന് ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഫോൺകോൾ ലഭിച്ചത്.
ഗാസാമുനമ്പിലെ സംഘർഷവും വെസ്റ്റ് ബാങ്കിലെ വർധിച്ചുവരുന്ന അക്രമവും മൂലമുണ്ടാകുന്ന യാതനകളെക്കുറിച്ചാണ് ഇരുവരും സംസാരിച്ചത്. 2023 ഒക്ടോബറിൽ ഹമാസ്, ഇസ്രയേലിനെ ആക്രമിച്ചതിനെത്തുടര്‍ന്നുണ്ടായ യുദ്ധത്തില്‍, ഗാസയിൽ ആയിരക്കണക്കിനു സാധാരണക്കാർ കൊല്ലപ്പെടുകയും ഒരുദശലക്ഷത്തിലധികം ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം ജൂലൈ 17 ന്, ഗാസയിലെ ഹോളി ഫാമിലി കത്തോലിക്കാ പള്ളി ആക്രമിക്കപ്പെട്ടു. യുദ്ധം ആരംഭിച്ചതിനുശേഷം അഞ്ഞൂറിലധികം ആളുകൾ അഭയകേന്ദ്രമായി ഉപയോഗിച്ചിരുന്ന ഏക കത്തോലിക്കാ പള്ളിയായിരുന്നു ഇത്. ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും ഒരുഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.