അതൃപ്തി മാറാതെ ജി സുധാകരൻ; കുട്ടനാട്ടിലെ സിപിഐഎം പരിപാടിയിൽ പങ്കെടുക്കില്ല

അനുനയ ചർച്ചയ്ക്ക് ശേഷവും ആലപ്പുഴയിലെ സിപിഐഎം നേതൃത്വത്തോടുള്ള അതൃപ്തി മാറാതെ മുതിർന്ന നേതാവ് ജി സുധാകരൻ. ഇന്ന് കുട്ടനാട്ടിൽ സംഘടിപ്പിക്കുന്ന വി എസ് അച്യുതാനന്ദൻ സ്മാരക പുരസ്കാര ചടങ്ങിൽ ജി സുധാകരൻ പങ്കെടുക്കില്ല. പരിപാടിയിൽ പങ്കെടുക്കുമെന്ന് ജി സുധാകരൻ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പരിപാടി അവർ നടത്തിക്കോളുമെന്നും, തന്റെ ആവശ്യമില്ലല്ലോ എന്നുമാണ് ജി സുധാകരന്റെ പ്രതികരണം.
ഏറെനാളുകൾക്ക് ശേഷമാണ് ജി സുധാകരനെ പാർട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിച്ചത്. പാർട്ടിയുടെ പോഷക സംഘടനയായ കെഎസ്‌കെടിയുവിന്റെ മുഖമാസിക ‘കർഷക തൊഴിലാളി’ യുടെ വി എസ് അച്യുതാനന്ദൻ സ്മാരക പുരസ്കാര സമർപ്പണമാണ് പരിപാടി. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
നേതൃത്വവുമായി പരസ്യ പോരിലേക്ക് കടന്ന ജി സുധാകരനെ കഴിഞ്ഞ ദിവസം വീട്ടിൽ എത്തി നേതാക്കൾ അനുനയിപ്പിക്കുകയായിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാതയും ജില്ലാ സെക്രട്ടറി ആർ നാസറും നേരിട്ടെത്തിയായിരുന്നു പരിപാടിക്ക് ക്ഷണിച്ചത്. ആദ്യം പങ്കെടുക്കുമെന്ന് പറഞ്ഞ ജി സുധാകരൻ പിന്നീട് നിലപാട് മാറ്റുകയായിരുന്നു.