ഫാത്തിമ തിരുസ്വരൂപം റോമിൽ; സമാധാനത്തിനായി ജപമാല സമര്‍പ്പണവുമായി ലെയോ പാപ്പയും വിശ്വാസികളും

വത്തിക്കാന്‍ സിറ്റി: മരിയൻ ആദ്ധ്യാത്മികതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം റോമിലെത്തിച്ചു. നൂറോളം രാജ്യങ്ങളിൽനിന്നുള്ള മുപ്പതിനായിരത്തിലധികം തീർത്ഥാടകരാണ് ചടങ്ങുകളിൽ പങ്കെടുക്കുന്നതെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി വ്യക്തമാക്കി.
വിവിധ തീർത്ഥാടനകേന്ദ്രങ്ങളുടെ പ്രതിനിധികൾ, അദ്ധ്യാത്മികസമൂഹങ്ങൾ വത്തിക്കാനിലെത്തിയിട്ടുണ്ട്. സാധാരണയായി ഫാത്തിമയിലെ പരിശുദ്ധ അമ്മയുടെ യഥാർത്ഥ തിരുസ്വരൂപം പുറത്തേക്ക് കൊണ്ടുപോകാറില്ലെങ്കിലും, മരിയൻ ആദ്ധ്യാത്മികതയുടെ ജൂബിലി അവസരത്തിന്റെ പ്രത്യേക പ്രാധാന്യം കണക്കിലെടുത്താണ് അത് ഈ ദിവസങ്ങളിൽ റോമിലെത്തിച്ചിരിക്കുന്നത്.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ശനിയാഴ്ച രാവിലെ 9 മണിക്ക് റോമിൽ ത്രസ്പൊന്തീനയിലെ പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ദേവാലയത്തിൽ ഫാത്തിമ തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. കാർലോസ് കബെസിനാസ് വിശുദ്ധ ബലിയർപ്പിച്ചു. വൈകുന്നേരം അഞ്ചുമണിയോടെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്ക് തിരുസ്വരൂപം എത്തിച്ചു. വിശുദ്ധ പത്രോസ്-പൗലോസ് എന്നിവരുടെ പേരിലുള്ള അസോസിയേഷൻ അംഗങ്ങളാണ് രൂപം വഹിച്ചത്.