നൈജീരിയയിൽ ക്രിസ്ത്യൻ ഗ്രാമങ്ങളിൽ ഫുലാനി തീവ്രവാദികളുടെ ആക്രമണം: 13 പേർ കൊല്ലപ്പെട്ടു

ഒക്ടോബർ 14 ന് നൈജീരിയയിലെ ബാർക്കിൻ ലാഡി ലോക്കൽ ഗവൺമെന്റ് ഏരിയയിലെ (എൽജിഎ) നിരവധി ക്രിസ്ത്യൻ ഗ്രാമങ്ങളിൽ ഫുലാനി തീവ്രവാദികൾ സംയുക്ത ആക്രമണം നടത്തി. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അക്രമികൾ ക്രിസ്ത്യാനികൾ കൂടുതലായി താമസിക്കുന്ന റാവുരു, ടാറ്റു, ലാവുരു ഗ്രാമങ്ങളെ ലക്ഷ്യം വച്ചതായി റിപ്പോർട്ടുണ്ട്. അക്രമികൾ ഏകദേശം 40 പശുക്കളെ മോഷ്ടിക്കുകയും കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു.
രാത്രിയിൽ തോക്കുധാരികളായ അക്രമികൾ അതിക്രമിച്ചു കയറി പ്രാർഥനയ്ക്കായി ഒത്തുകൂടിയ താമസക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. റാവുരുവിലെ മിഷൻ സെന്ററിലെ രണ്ട് അംഗങ്ങൾ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.
മറ്റ് നിരവധി പേർ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെട്ടു. ആക്രമണകാരികൾ പിന്നീട് ടാറ്റു ഗ്രാമത്തിലേക്ക് നീങ്ങി. അവിടെ നടന്ന ആക്രമണത്തിൽ പത്തോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്.
ആക്രമണകാരികൾ നേരത്തെ തന്നെ ഭീഷണികളും മുന്നറിയിപ്പുകളും നൽകിയിരുന്നുവെന്നും സുരക്ഷാ സേനയെ അറിയിച്ചിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. എന്നിരുന്നാലും, ആക്രമണം നടക്കുന്നതിന് മുമ്പ് ഒരു പ്രതിരോധ നടപടിയും സ്വീകരിച്ചിരുന്നില്ല.