ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം, എൽപിജി വഹിച്ചുള്ള കപ്പൽ ഇന്ന് ഇന്ത്യയിലെത്തും

 
gas

ന്യൂഡൽഹി: ആഭ്യന്തര വിപണിയിലെ ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി കൂറ്റൻ എൽപിജി വാഹിനി ഇന്ന് ഇന്ത്യയിലെത്തും. 20,400 മെട്രിക് ടൺ ദ്രവീകൃത പെട്രോളിയം ഗ്യാസുമായി (LPG) ഇന്ത്യൻ കപ്പലായ ‘ജഗ് വിക്രം’ ഇന്ന് ഗുജറാത്തിലെ കാണ്ഡല തുറമുഖത്ത് നങ്കൂരമിടും. പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്നാണ് കപ്പൽ എത്തുന്നത്.

അമേരിക്കയും ഇറാനും തമ്മിൽ 14 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ആദ്യ ഇന്ത്യൻ കപ്പലാണിത്. ഏപ്രിൽ 11-നാണ് കപ്പൽ കടലിടുക്ക് കടന്നത്. 24 നാവികരാണ് കപ്പലിലുള്ളത്. കപ്പലിന്റെ വരവ് രാജ്യത്തെ പാചകവാതക വിതരണത്തിലെ തടസ്സങ്ങൾ നീക്കാൻ സഹായിക്കുമെന്ന് കേന്ദ്ര തുറമുഖ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇന്ത്യൻ കപ്പലുകളുടെ സുരക്ഷയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുമായി ഇറാനുള്ള അടുത്ത നയതന്ത്ര ബന്ധം ഡോ. മുഹമ്മദ് ഫത്താലി (ഇറാൻ അംബാസഡർ) അടിവരയിട്ടു പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമാണെന്ന് ഇറാൻ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന് ഇറാൻ ഉറപ്പ് നൽകി. 

നിലവിൽ രാജ്യം നേരിടുന്ന ഇന്ധനക്ഷാമം പരിഹരിക്കാൻ ഈ ചരക്ക് നീക്കം വലിയ തോതിൽ സഹായിക്കും. വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ ഇന്ധനവുമായി എത്തുമെന്നാണ് സൂചന.

Tags

Share this story

From Around the Web