ഓർഡിനറി മുതൽ ഫാസ്റ്റ് പാസഞ്ചർ വരെ സ്ത്രീകൾക്ക് സൗജന്യ യാത്ര, കെഎസ്ആർടിസി സിഎംഡി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

 
KSRTC

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനമായ കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കി കെഎസ്ആർടിസി. ഓർഡിനറി ബസുകൾ മുതൽ ഫാസ്റ്റ് പാസഞ്ചർ വരെയുള്ള സർവീസുകളിൽ സ്ത്രീകൾക്ക് സൗജന്യം നൽകാനാണ് നിലവിൽ ആലോചിക്കുന്നത്. പദ്ധതിയുടെ പ്രായോഗിക രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി.

അടുത്ത മാസം 15 മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, ഇതിനാവശ്യമായ സാമ്പത്തിക സ്രോതസ് കണ്ടെത്തൽ, ഏതൊക്കെ വിഭാഗം ബസുകൾ ഉൾപ്പെടുത്തണം, യാത്രാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ച് സർക്കാർ ഉടൻ വിശദമായ പദ്ധതി  തയ്യാറാക്കും. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത സർക്കാർ എങ്ങനെ നികത്തുമെന്ന കാര്യത്തിലും ചർച്ചകൾ നടക്കുന്നുണ്ട്.

തിരുവനന്തപുരം ഒഴികെയുള്ള മിക്ക ജില്ലകളിലും പ്രത്യേകിച്ച് മലബാർ മേഖലയിലും ഭൂരിഭാഗം സർവീസുകളും നടത്തുന്നത് സ്വകാര്യ ബസുകളാണ്. കെഎസ്ആർടിസി ബസുകളിൽ പൂർണ്ണ സൗജന്യം അനുവദിക്കുമ്പോൾ യാത്രക്കാർ കെഎസ്ആർടിസിയിലേക്ക് മാറുന്നത് സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ശക്തമാണ്. ഇത്തരം പ്രാദേശികമായ വ്യത്യാസങ്ങളും യാത്രാ ക്ലേശങ്ങളും കൂടി പരിഗണിച്ചാകും സർക്കാർ അന്തിമ ഉത്തരവിറക്കുക.

പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ ഇതിനോടകം തന്നെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പുതിയ തീരുമാനം സ്വകാര്യ മോട്ടോർ വ്യവസായ മേഖലയെ തകർക്കുമെന്നാണ് ഇവരുടെ വാദം. ഈ സാഹചര്യത്തിൽ തങ്ങളുടെ നഷ്ടം നികത്തുന്നതിനായി വർഷങ്ങളായി തുടരുന്ന വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ (ചാർജ് ഇളവ്) പൂർണ്ണമായും ഒഴിവാക്കണമെന്ന പുതിയ ആവശ്യവും ബസ് ഉടമകൾ സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്.
 

Tags

Share this story

From Around the Web