നമ്പൂതിരി ഇല്ലത്തിൽ നിന്നും വിശുദ്ധ പദവിയിലേക്ക്; നീലകണ്ഠൻ പിള്ളയുടെ അവിശ്വസനീയമായ ജീവിതയാത്ര
 

 
daiva

നമ്പൂതിരിയുടെ മകനായി ആയി ജനിച്ച നീലകണ്ഠൻ പിള്ള എങ്ങനെ ദേവസഹായം എന്ന ഇന്ത്യയിലെ ആദ്യത്തെ അല്മായവിശുദ്ധൻ ആകാനുള്ള വഴിയൊരുങ്ങി എന്ന തിരച്ചിലാണ് ഈ ‘വെല്ല്യ കപ്പിത്താനിൽ ‘ കൊണ്ടെത്തിച്ചത്. ക്രിസ്തുവിനെ പറ്റിയുള്ള ഡിലനോയിയുടെ ചെറിയ ഒരു പങ്കുവെക്കൽ കാരണം ദേവസഹായം പിള്ള എന്ന വിശുദ്ധൻ പിറവിയെടുത്തു. നമ്മൾ വിട്ടുകളയുന്ന ചില പങ്കുവെക്കലുകൾ എത്ര വലിയ നഷ്ടങ്ങളുണ്ടാക്കുന്നു എന്ന് ഈ അവസരത്തിൽ നമുക്കോർക്കാം.

ഒരു റോമൻ കത്തോലിക്കൻ ആയ ഡിലനോയ് 1718ൽ ബെൽജിയത്തിൽ ആണ് ജനിച്ചത്. ഡച്ച് ഈസ്റ്റ് ഇൻഡ്യ കമ്പനിയുടെ നാവികസേന കമാന്റർ ആയിരുന്ന അദ്ദേഹം 1738 ൽ ഇൻഡ്യയിലെത്തി. മൂന്ന് കൊല്ലത്തിനു ശേഷം തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മ മഹാരാജാവുമായി നടന്ന കുളച്ചൽ യുദ്ധത്തിൽ സൈന്യത്തെ നയിച്ചു.

യുദ്ധത്തിൽ പരാജയപ്പെട്ട ഡച്ചു സൈന്യത്തോടൊപ്പം 23 വയസ്സുള്ള ഡിലനോയിയും യുദ്ധത്തടവുകാരനായി. യുദ്ധതന്ത്രങ്ങളിൽ വിദഗ്ധനായ അദ്ദേഹത്തോട് മാർത്താണ്ഡ വർമ്മ മഹാരാജാവ് സ്നേഹാദരങ്ങളോടെയാണ് പെരുമാറിയത്. പാശ്ചാത്യയുദ്ധതന്ത്രങ്ങളും പീരങ്കിയുടെ ഉപയോഗവും തിരുവിതാംകൂർ സൈന്യത്തെ പഠിപ്പിക്കാമോ എന്ന് ചോദിച്ചത് ഡിലനോയ് സസന്തോഷം സമ്മതിച്ചു. വെല്ല്യകപ്പിത്താൻ ( The Great Captain) എന്നറിയപ്പെട്ടിരുന്ന ഡിലനോയ് പെട്ടെന്ന് തന്നെ സർവ്വസൈന്യാധിപനായി .

ഒരു കത്തോലിക്കനായ ഡിലനോയിക്ക് രാജാവിന്റെ കൊട്ടാരത്തിലും അന്തപുരത്തിലുമൊന്നും അധികം പ്രവേശനസ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിനും കുടുംബത്തിനുമായി 18 ഏക്കർ സ്ഥലം തിരുവിതാംകൂറിലെ ഉദയഗിരിയിൽ രാജാവ് കൊടുത്തു. വിശുദ്ധ മിഖായേൽ മാലാഖയുടെ നാമത്തിൽ ഒരു കൊച്ചു പള്ളിയും അവിടെ പണികഴിപ്പിച്ച് കുർബ്ബാന, കുമ്പസാരം ആവശ്യങ്ങൾക്കായി ഒരു പുരോഹിതനെയും ഏർപ്പാടാക്കി.

തിരുവിതാംകൂർ ദേശത്തിന്റെ സുരക്ഷിതത്വത്തിനും പടക്കോപ്പുകൾ സൂക്ഷിക്കാനുള്ള സൗകര്യത്തിനുമൊക്കെയായി ഉദയഗിരിയിൽ ഒരു കോട്ട പണിയാൻ ഡിലനോയ് രാജാവിനോട് പറഞ്ഞു . ഉദയഗിരികോട്ടയുടെ നിർമ്മാണകാലത്താണ് നീലകണ്ഠൻ പിള്ളയും ഡിലനോയും തമ്മിൽ സൗഹൃദത്തിലാവുന്നത്. കോട്ടനിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നവർക്ക് ശമ്പളം കൊടുക്കാൻ നീലകണ്ഠനെ ആയിരുന്നു രാജാവ് ഏർപ്പാടാക്കിയിരുന്നത്. വീട്ടിലെ ചില പ്രശ്നങ്ങൾ കാരണം വിഷമിച്ചിരുന്ന നീലകണ്ഠനോട് ഡിലനോയ് ഏകദൈവത്തെ പറ്റി സംസാരിച്ചു. മനുഷ്യരോടുള്ള സ്നേഹത്തെപ്രതി സ്വന്തം പുത്രനെ ഭൂമിയിലേക്കയച്ച പിതാവിനെപ്പറ്റിയും മനുഷ്യർക്കായി ജീവനർപ്പിച്ച പുത്രനെപ്പറ്റിയും ജീവിതത്തിൽ പരീക്ഷണങ്ങൾ ഏറെ വന്നപ്പോഴും ദൈവത്തിൽ മാത്രം ശരണം വെച്ചു പിടിച്ചുനിന്ന ജോബിനെപ്പറ്റിയുമൊക്കെ പറഞ്ഞു.

മലയാളത്തിലുള്ള ഒരു ബൈബിൾ കോപ്പിയും വായിക്കാൻ കൊടുത്തു.

ക്രിസ്തുവിനെപ്പറ്റി കേട്ടും ബൈബിൾ വായിച്ചും വിശ്വാസം വന്ന നീലകണ്ഠൻ ക്രിസ്ത്യാനിയായി സ്നാനപ്പെടാൻ ആഗ്രഹിച്ചു. രാജാവിന് അതിഷ്ടപ്പെടില്ലെന്നറിയാവുന്ന ഡിലനോയ് അതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി മുന്നറിയിപ്പ് കൊടുത്തെങ്കിലും നീലകണ്ഠൻ തൻറെ ആഗ്രഹത്തിൽ ഉറച്ചു നിന്നു.അങ്ങനെ വടക്കുംകുളത്തു താമസിക്കുന്ന ഫാദർ ബുത്താരി എന്ന തനിക്കറിയാവുന്ന ഈശോ സഭാവൈദികന്റെ അടുത്തേക്ക് ഡിലനോയ്, മതകാര്യങ്ങൾ പഠിക്കാനും ജ്ഞാനസ്നാനത്തിനുമായി നീലകണ്ഠനെ പറഞ്ഞയച്ചു.

പിന്നീട് നീലകണ്ഠപിള്ള, ദേവസഹായം (ലാസർ എന്നർത്ഥം വരുന്ന) എന്ന പേരിലും അദ്ദേഹത്തിന്റെ പത്‌നി ഭഗവതിയമ്മ, തെരേസ എന്ന പേരിലും മാമോദീസ സ്വീകരിച്ചു.

ഡിലനോയ് ഭയപ്പെട്ടത് പോലെ തന്നെ കഠിനപീഡകളേൽക്കേണ്ടി വന്ന ദേവസഹായം വിശ്വാസം ഉപേക്ഷിക്കാൻ തയ്യാറാകാതെ 1752 ൽ രക്തസാക്ഷിയായി. ദേവസഹായത്തിന്റെ ദൃഢവിശ്വാസത്തിൽ അഭിമാനവും സുഹൃത്തിന്റെ മരണത്തിൽ വേദനയും ഒരേസമയം ഡിലനോയ്ക്കുണ്ടായി.

1777 ജൂൺ 1ന് ഡിലനോയ് ഉദയഗിരിക്കോട്ടയിൽ വെച്ചു മരണപ്പെട്ടു. അദ്ദേഹത്തിന്റെ ശരീരം അടക്കം ചെയ്തത് ഉദയഗിരിയിലെ തന്നെ സെന്റ് മൈക്കിൾസ് കത്തോലിക്ക ദേവാലയത്തിലാണ്.

അദ്ദേഹത്തിന്റെ ശവകുടീരത്തിൽ രാജകുടുംബം ലാറ്റിൻ ഭാഷയിൽ ഇങ്ങനെ എഴുതിവെപ്പിച്ചു,

” നിൽക്കൂ യാത്രക്കാരാ, ഇവിടെ കിടക്കുന്നത് തിരുവിതാംകൂർ സൈന്യത്തിന്റെ കമാന്ററും 37 വർഷം വിശ്വസ്തതയോടെ രാജാവിനെ സേവിച്ചവനുമായ എവുസ്തക്യൂസ് ബെനെഡിക്റ്റസ് ഡി ലനോയ് ആണ് “.. ഇങ്ങനെ പോകുന്നു ആ ശിലാലിഖിതം.

ദേവസഹായം, വിശുദ്ധപദവിയിലേക്ക് ഉയർന്നതിൽ അതീവസന്തോഷമുള്ള നമുക്ക്, ദൈവത്തിന്റെ ഉപകരണമെന്ന നിലയിൽ അതിലേക്ക് വഴിയൊരുക്കിയ ഡി ലനോയ് എന്ന “വലിയ കപ്പിത്താനെ”കൂടെ ഓർമിക്കാം. ഒപ്പം നമ്മുടെ നിരുത്തരവാദിത്വപരമായ പെരുമാറ്റം മൂലം ക്രിസ്തുവിനെപ്പറ്റി അറിയേണ്ട എത്രയോ പേർക്ക് അതിനു കഴിയാതെ പോയിട്ടുണ്ടെന്നും. പ്രാർത്ഥനയുടെയും സംസാരത്തിലൂടെയും ജീവിതത്തിലൂടെയും സുവിശേഷവൽക്കരണത്തിനു നിയോഗിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നമ്മൾ.

ജിൽസ ജോയ് 

Tags

Share this story

From Around the Web