സംഗീത വേദികളിൽ നിന്ന് ആത്മീയതയുടെ തീരത്തേക്ക്; ക്രിസ്തീയ വിശ്വാസം വെളിപ്പെടുത്തി പോപ്പ് താരം ഗ്വെൻ സ്റ്റെഫാനി

 
222

കാലിഫോർണിയ: ലോകമെങ്ങും ആരാധകരുള്ള പോപ്പ് വിസ്മയം ഗ്വെൻ സ്റ്റെഫാനി തന്റെ ആത്മീയ പരിവർത്തനത്തെക്കുറിച്ച് മനസ് തുറക്കുന്നു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും തന്നെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിച്ചത് വ്യക്തിപരമായ ചില അന്വേഷണങ്ങളും 44-ാം വയസിൽ മകൻ അപ്പോളോയ്ക്ക് ജന്മം നൽകിയതുമാണെന്ന് താരം വെളിപ്പെടുത്തി. 'ഹാലോ: പ്രയേഴ്‌സ് ആൻഡ് മെഡിറ്റേഷൻ' എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ച അസാധാരണ അനുഭവങ്ങൾ താരം പങ്കുവെച്ചത്.

ഇനിയൊരു കുഞ്ഞുണ്ടാകില്ലെന്ന് താൻ ഉറച്ചു വിശ്വസിച്ചിരുന്ന പ്രായത്തിലാണ് മൂത്തമകൻ കിംഗ്സ്റ്റന്റെ പ്രാർത്ഥന അത്ഭുതമായി ഭവിച്ചതെന്ന് ഗ്വെൻ പറയുന്നു. "ദൈവമേ എന്റെ അമ്മയ്ക്ക് ഒരു കുഞ്ഞിനെ നൽകണേ" എന്ന് എല്ലാ രാത്രിയും മകൻ പ്രാർത്ഥിക്കുമായിരുന്നു. അത്ഭുതമെന്നു പറയട്ടെ ആഴ്ചകൾക്കുള്ളിൽ 44-ാം വയസിൽ താൻ ഗർഭിണിയായി. മകൻ അപ്പോളോയുടെ ജനനം ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടലായും സമ്മാനമായുമാണ് താൻ കാണുന്നതെന്ന് താരം സാക്ഷ്യപ്പെടുത്തുന്നു.

കോവിഡ് മഹാമാരിയുടെ ഏകാന്തതയിൽ ഓൺലൈനിലൂടെ ആത്മീയ സത്യങ്ങൾക്കായുള്ള തിരച്ചിലാണ് ഗ്വെനെ കത്തോലിക്കാ വൈദികനായ ഫാ. മൈക്ക് ഷ്മിറ്റ്സിന്റെ പ്രസംഗങ്ങളിൽ എത്തിച്ചത്. "ആ സന്ദേശങ്ങൾ എന്നെ അടിമുടി മാറ്റിമറിച്ചു. ഒരു വലിയ സത്യം കണ്ടെത്തിയതുപോലെയായിരുന്നു ആ അനുഭവം. അതെന്നെ ഉള്ളിൽ നിന്ന് ജ്വലിപ്പിച്ചു," ഗ്വെൻ സ്റ്റെഫാനി പറഞ്ഞു.

മൂന്ന് ഗ്രാമി അവാർഡുകളും അമേരിക്കൻ മ്യൂസിക് അവാർഡും ഉൾപ്പെടെ സംഗീത ലോകത്തെ സകല പുരസ്കാരങ്ങളും നേടിയ താരം ഇപ്പോൾ തന്റെ വിജയങ്ങളുടെയും ആന്തരിക സമാധാനത്തിന്റെയും ക്രെഡിറ്റ് ദൈവത്തിന് നൽകുകയാണ്.

Tags

Share this story

From Around the Web