സൗഹൃദത്തിന് ലോകത്തെ മാറ്റാൻ കഴിയും: യുവജനങ്ങളോട് ലെയോ പതിനാലാമൻ പാപ്പ

സൗഹൃദത്തിന് ലോകത്തെ യഥാർഥത്തിൽ മാറ്റാൻ കഴിയുമെന്ന് യുവജനങ്ങളോട് ലെയോ പതിനാലാമൻ പാപ്പ. ഓഗസ്റ്റ് രണ്ട് ശനിയാഴ്ച, ഉച്ചകഴിഞ്ഞ് ആരംഭിച്ച യുവജനങ്ങൾക്കായുള്ള ജൂബിലി ജാഗരണ പ്രാർഥനയ്ക്കായി ടോർ വെർഗറ്റയിൽ ഒത്തുകൂടിയവരോടാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
“പ്രിയ യുവജനങ്ങളേ, പരസ്പരം സ്നേഹിക്കൂ. ക്രിസ്തുവിൽ പരസ്പരം സ്നേഹിക്കൂ. മറ്റുള്ളവരിൽ യേശുവിനെ എങ്ങനെ കാണണമെന്ന് അറിയൂ. സൗഹൃദത്തിന് ലോകത്തെ യഥാർഥത്തിൽ മാറ്റാൻ കഴിയും. സൗഹൃദം സമാധാനത്തിലേക്കുള്ള ഒരു പാതയാണ്” – പാപ്പ പറഞ്ഞു. പത്തുലക്ഷത്തോളം യുവജനങ്ങളാണ് ഈ പരിപാടിയിൽ പങ്കെടുത്തത്.
“പ്രിയപ്പെട്ട യുവാക്കളേ, മനുഷ്യബന്ധങ്ങൾ, മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങൾ, നമുക്ക് ഓരോരുത്തർക്കും ഒഴിച്ചുകൂടാനാവാത്തതാണ്. നമ്മുടെ ജീവിതം ആരംഭിക്കുന്നത് ഒരു ബന്ധത്തിൽ നിന്നാണ്, ബന്ധങ്ങളിലൂടെയാണ് നാം വളരുന്നത്” – പാപ്പ കൂട്ടിച്ചേർത്തു. സ്പാനിഷ്, ഇറ്റാലിയൻ, ഇംഗ്ലീഷ് ഭാഷകളിലാണ് പാപ്പ സംസാരിച്ചത്.