ആവിഷ്ക്കാര സ്വാതന്ത്ര്യം അവഹേളനത്തിനു ഉപയോഗിക്കുന്നതു അനുവദിച്ചുകൂടാ: ബിനാലെയിലെ ക്രൈസ്തവ അവഹേളനത്തില്‍ സീറോമലബാർ സഭ

 
3
കൊച്ചി: ബിനാലെയുടെ പേരിൽ മട്ടാഞ്ചേരി ബസാർ റോഡിൽ പ്രദർശിപ്പിക്കപ്പെട്ട ഒരു കലാസൃഷ്ടിയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും വിശുദ്ധമായ അടയാളങ്ങളിലൊന്നായ ‘അന്ത്യ അത്താഴം’ അപമാനകരമായും വികലമായും അവതരിപ്പിച്ചതിൽ പ്രതിഷേധം അറിയിച്ച് സീറോമലബാർ സഭ. കോടിക്കണക്കിന് വിശ്വാസികൾ ആത്മീയ പ്രചോദനത്തിന്റെ പ്രതീകമായി കരുതുന്ന അന്ത്യഅത്താഴ രംഗത്തെ അവഹേളിക്കുന്ന രീതിയിൽ അവതരിപ്പിച്ചത്, മതവിശ്വാസങ്ങളോടുള്ള അടിസ്ഥാന ബഹുമാനം ലംഘിക്കുന്ന നടപടിയാണെന്ന് സഭ ആരോപിച്ചു.

2016 ഡിസംബർ ലക്കം ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിക്കുകയും, വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചതുമായ ഈ ചിത്രം വീണ്ടും പ്രദർശിപ്പിച്ചിരിക്കുന്നത്‌ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കാൻ കരുതിക്കൂട്ടി ചെയ്ത ദുരുദ്ദേശപരമായ പ്രവർത്തിയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കലാസ്വാതന്ത്ര്യം ഒരു ജനാധിപത്യ സമൂഹത്തിന്റെ അനിവാര്യ ഘടകമാണെന്ന കാര്യത്തിൽ സഭയ്ക്ക് സംശയമില്ല. എന്നാൽ മതവിശ്വാസങ്ങളെ പരിഹസിക്കുന്നതും വിശുദ്ധ പ്രതീകങ്ങളെ വികലമാക്കി ചിത്രീകരിച്ചു വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ അവതരണങ്ങൾ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കപ്പെടാൻ കഴിയില്ല.

അഭിപ്രായസ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടെയും പരസ്പര ബഹുമാനത്തോടെയും വിനിയോഗിക്കപ്പെടേണ്ടതാണെന്നത് ബഹുസ്വര സമൂഹത്തിന്റെ അടിസ്ഥാനതത്വമാണ്. ഈ സംഭവത്തിലൂടെ ക്രൈസ്തവ സമൂഹം ആഴത്തിൽ വേദനിക്കപ്പെട്ടിരിക്കുന്നുവെന്ന യാഥാർത്ഥ്യം ബന്ധപ്പെട്ട അധികാരികൾ ഗൗരവത്തോടെ കണക്കിലെടുക്കണമെന്ന് സീറോമലബാർ സഭ ആവശ്യപ്പെടുന്നു.

ആരോഗ്യകരമായ സാംസ്‌കാരിക സംവാദത്തിന്റെയും കലാ ആവിഷ്കാരങ്ങളുടെയും വേദിയായിരിക്കേണ്ട നമ്മുടെ സാംസ്‌കാരിക ഇടങ്ങൾ, ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യമാക്കിയുള്ള അവഹേളനത്തിന്റെയും വിഭജനത്തിന്റെയും വേദിയാക്കി മാറ്റുന്നത് ഉചിതമല്ല. ഈ വിഷയത്തിൽ നീതിയുക്തവും ഉത്തരവാദിത്വപരവുമായ നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കുമെന്ന് സീറോമലബാർ സഭ പ്രതീക്ഷിക്കുകയാണെന്നും പി‌ആര്‍‌ഓ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Tags

Share this story

From Around the Web