സ്ത്രീകൾക്ക് സൗജന്യ യാത്ര: കെഎസ്ആർടിസി പ്രഖ്യാപനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ, 'പദ്ധതി നടപ്പാക്കിയാൽ സ്വകാര്യ ബസ് മേഖല തകരും'; നികുതി ഇളവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാൻ ഉടമകൾ
തിരുവനന്തപുരം: അടുത്ത മാസം 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാസൗകര്യം ഏർപ്പെടുത്തുമെന്ന പുതിയ സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. ഈ തീരുമാനം നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം പൂർണ്ണമായും തകർച്ചയിലേക്ക് നീങ്ങുമെന്ന് ബസ് ഉടമകളുടെ സംഘടനകൾ ആശങ്ക ഉന്നയിച്ചു. തങ്ങളുടെ ഭാഗം കൂടി കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.
യാത്രാ സൗജന്യം പ്രഖ്യാപിക്കുന്നതിന് മുൻപ് സ്വകാര്യ ബസ് മേഖലയിലെ പ്രതിനിധികളുമായി സർക്കാർ യാതൊരുവിധ കൂടിയാലോചനയും നടത്തിയിട്ടില്ലെന്ന് ഉടമകൾ കുറ്റപ്പെടുത്തി. ജൂൺ 15 മുതൽ പദ്ധതി പ്രാബല്യത്തിൽ വരാനിരിക്കെ, നിലവിലെ പ്രതിസന്ധികൾക്ക് പുറമെ പുതിയ തീരുമാനം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് ബസ് വ്യവസായികളുടെ വാദം. സ്വകാര്യ ബസ് മേഖലയെക്കൂടി സംരക്ഷിക്കുന്ന തരത്തിലുള്ള പൊതു പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കേണ്ടതെന്നും അവർ ആവശ്യപ്പെട്ടു.
നിലവിലെ ആശങ്കകൾ സർക്കാരിനെ നേരിട്ടറിയിക്കാൻ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കാണുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. വ്യവസായം മുന്നോട്ട് കൊണ്ടുപോകുന്നതിനായി റോഡ് നികുതി, പെർമിറ്റ് ഫീസ് എന്നിവയിൽ വലിയ തോതിലുള്ള ഇളവുകൾ അനുവദിക്കണമെന്ന് അവർ ആവശ്യപ്പെടും. സർക്കാരിൽ നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന സൂചനയും മോട്ടോർ വ്യവസായ മേഖല നൽകുന്നുണ്ട്.