സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഓര്‍ഡിനറി ബസുകളില്‍, 15 മുതൽ നിലവിൽ; മാസം 70 കോടി ബാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു. 'പ്രിയദർശിനി' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജൂൺ 15 മുതൽ നിലവിൽ വരും. മുഖ്യമന്ത്രി വി.ഡി. സതീശനാണ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് യാതൊരുവിധ വരുമാന പരിധിയോ പ്രായപരിധിയോ ബാധകമായിരിക്കില്ല. സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭ്യമാകും. സ്ത്രീകൾക്ക് പുറമെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും ഓർഡിനറി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സൗജന്യയാത്ര കാരണം കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയും വരുമാന നഷ്ടവും സർക്കാർ നേരിട്ട് നികത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. പൊതുഗതാഗതത്തെ കൂടുതൽ ജനകീയമാക്കാനും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പുവരുത്താനുമാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കെഎസ്ആർടിസിയുടെ ഈ പുതിയ തീരുമാനം സാധാരണക്കാരായ ധാരാളം സ്ത്രീകൾക്ക് വലിയ ആശ്വാസമാകും.