2027 ൽ നടക്കുന്ന ഇന്റർനാഷണൽ ഹോളോകോസ്റ്റ് റിമെംബറൻസ് അലയൻസിന് നേതൃത്വം നൽകാൻ ഫ്രാൻസ്
2027 ൽ, ഇന്റർനാഷണൽ ഹോളോകോസ്റ്റ് റിമെംബറൻസ് അലയൻസിന്റെ (IHRA) അധ്യക്ഷസ്ഥാനം ഫ്രാൻസ് ഏറ്റെടുക്കുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരറ്റ്. ജറുസലേമിൽ നടന്ന IHRA പ്ലീനറി സെഷനിലാണ് ഇത് ഏകകണ്ഠമായി തീരുമാനമായത്. അർജന്റീനയ്ക്കു ശേഷം ഈ സ്ഥാനം ഏറ്റെടുക്കുന്ന രാജ്യമാണ് ഫ്രാൻസ്.
അതേസമയം, യഹൂദവിരുദ്ധത തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഫ്രാൻസ് ഈ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക. ഹോളോകോസ്റ്റ് വിദ്യാഭ്യാസം, സ്മരണ, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് IHRA യുടെ ലക്ഷ്യം. ലോകമെമ്പാടും ഹോളോകോസ്റ്റ് അവബോധം വളർത്താൻ ശ്രമിക്കുന്ന നാൽപതിലധികം രാജ്യങ്ങൾ ചേർന്ന ഒരു അന്തർസർക്കാർ സംഘടനയാണ് IHRA.
“രണ്ടുവർഷമായി ലോകത്തെ കീഴടക്കിയിരിക്കുന്ന യഹൂദവിരുദ്ധ തരംഗത്തിന്റെ പശ്ചാത്തലത്തിൽ, കൂട്ടക്കൊലയുടെ ഓർമ്മകൾ യുവതലമുറകൾക്ക് കൈമാറേണ്ടത് നിർണ്ണായകമാണ്” – ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരറ്റ് എക്സിൽ പോസ്റ്റ് ചെയ്തു.
2025 ൽ ഇസ്രായേലായിരുന്നു IHRA യുടെ അധ്യക്ഷസ്ഥാനം വഹിച്ചത്. 2026 ൽ അർജന്റീന സ്ഥാനം വഹിക്കും. ഡിസംബർ മാസം പകുതിയോടെ ജറുസലേമിൽ നടന്ന IHRA യോഗത്തിൽ 35 അംഗരാജ്യങ്ങളിൽ നിന്നും ഏഴ് നിരീക്ഷകരാജ്യങ്ങളിൽ നിന്നുമുള്ള ഇരുനൂറിലധികം പ്രതിനിധികൾ ഹോളോകോസ്റ്റ് അനുസ്മരണം, വിദ്യാഭ്യാസം, ഗവേഷണം എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു.