സ്കൂളുകളിൽ മൊബൈൽ ഫോണിന് നിരോധനം ഏർപ്പെടുത്താൻ ഫ്രാൻസ്
15 വയസ്സിനു താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി ഫ്രാൻസ്. ഇതിനൊപ്പം തന്നെ ഹൈസ്കൂളുകൾ വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും കർശനമായ നിയന്ത്രണം ഏർപ്പെടുത്തും. സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിനുമാണ്.
ജനുവരി എട്ടിനു നടക്കുന്ന യോഗത്തിൽ ഈ പുതിയ നിയമം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. അടുത്ത അധ്യയന വർഷം മുതൽ, അതായത് 2026 സെപ്റ്റംബർ മുതൽ ഈ നിയമം നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. മുൻപ് ചെറിയ ക്ലാസുകളിൽ ഏർപ്പെടുത്തിയ ഫോൺ നിരോധനം ഇപ്പോൾ വലിയ ക്ലാസുകളിലേക്കും കൂടി വ്യാപിപ്പിക്കാനാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നീക്കം.
മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികളിൽ വലിയ രീതിയിലുള്ള മാനസിക സമ്മർദമുണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിലെ ചതിക്കുഴികളിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ഈ നിയമം സഹായിക്കുമെന്ന് അധികൃതർ വിശ്വസിക്കുന്നു. യൂറോപ്യൻ നിയമങ്ങൾ കൂടി പാലിച്ചുകൊണ്ടാണ് പുതിയ ബില്ലിന്റെ കരാർ തയ്യാറാക്കിയിരിക്കുന്നത്.