ഫാ. ഡോ. ഫ്രാൻസീസ് ആലപ്പാട്ടിന് യാത്രാമൊഴി
തൃശൂർ: അതിരൂപത വികാരി ജനറലായും ജൂബിലി മിഷൻ മെഡിക്കൽ കോളജിൻ്റെ സ്ഥാപക ഡയറക്‌ടറായും പ്രവർത്തിച്ചിരുന്ന പ്രമുഖ വൈദികനും ഭിഷഗ്വരനുമായ ഡോ. ഫാ. ഫ്രാൻസീസ് ആലപ്പാട്ടിന് വിട. തൃശൂരിന്റെ ആരോഗ്യഭൂപടത്തിൽ വിപ്ലവം സൃഷ്‌ടിച്ച നിരവധി സ്ഥാപനങ്ങളുടെ ചുക്കാൻ പിടിച്ചത് ഫാ. ഫ്രാൻസീസ് ആലപ്പാട്ടാണ്.
ആലപ്പാട്ട് ആന്റണിയുടെയും (എ.കെ. ആൻ്റണി) റോസിയുടെയും മകനായി ജനിച്ച അദ്ദേഹം ദൈവവിളിക്കൊപ്പം വൈദ്യശാസ്ത്രത്തെയും മനുഷ്യസേവനത്തിനുള്ള ഉപാധിയാക്കി മാറ്റിയ പ്രതിഭയായിരുന്നു.
തൃശൂർ സേക്രഡ് ഹാർട്ട്, മോഡൽ ബോയ്‌സ് ഹൈസ്‌കൂൾ, സെൻ്റ് തോമസ് കോളജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് അദ്ദേഹം എംബിബിഎസ് ബിരുദം നേടി.
തുടർന്ന് തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദങ്ങൾ കരസ്ഥമാക്കി 1995-ലാണ് വൈദികനായി അഭിഷിക്തനായത്. പാവറട്ടി, ഇരവിമംഗലം, കണ്ണംകുളങ്ങര, വിജയപുരം, കൊളങ്ങാട്ടുകര, നെഹ്രുനഗർ എന്നിവിടങ്ങളിൽ ഇടവക വികാരിയായി ശുശ്രൂഷ അനുഷ്ഠിച്ചിരിന്നു.