ഉക്രൈൻ യുദ്ധം ആരംഭിച്ചിട്ട് നാലുവർഷങ്ങൾ പിന്നിടുമ്പോൾ വീരമൃത്യു വരിച്ചവർക്ക് കണ്ണീരോടെ വിട നൽകി രാജ്യം
റഷ്യയുടെ ഉക്രൈൻ അധിനിവേശം നാല് വർഷം പൂർത്തിയാക്കി അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ കൊല്ലപ്പെട്ട സൈനികരെയും സാധാരണക്കാരെയും രാജ്യം ആദരവോടെ സ്മരിച്ചു. തലസ്ഥാനമായ കീവിൽ നടന്ന പ്രാർഥനാ ചടങ്ങുകൾക്ക് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി നേതൃത്വം നൽകി.
രാജ്യം തകർക്കാനും പിടിച്ചെടുക്കാനുമുള്ള ശത്രുക്കളുടെ നീക്കങ്ങളെ ചെറുത്തുതോൽപ്പിച്ച് തങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകി.
യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി രാജ്യം മുഴുവൻ ഒരു മിനിറ്റ് മൗനം ആചരിച്ചു. ഉക്രൈനിലെ ഓരോ നഗരങ്ങളിലും ഗ്രാമങ്ങളിലും ദേശീയ പതാകകൾ താഴ്ത്തിക്കെട്ടിയും പൂക്കൾ അർപ്പിച്ചും ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വിട നൽകി.
യുദ്ധം ഇത്രയും കാലം നീണ്ടുനിൽക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നും തങ്ങളുടെ പ്രിയപ്പെട്ടവരുടെ നഷ്ടം നികത്താനാവില്ലെന്നും വേദനയോടെ ജനങ്ങൾ പങ്കുവച്ചു.
സമാധാന ചർച്ചകൾ പലയിടത്തും നടക്കുന്നുണ്ടെങ്കിലും യുദ്ധം അവസാനിക്കാനുള്ള യാതൊരു ലക്ഷണവും ഇതുവരെ കാണുന്നില്ല. ലക്ഷക്കണക്കിന് സൈനികരും സാധാരണക്കാരുമാണ് ഇതുവരെ ഇരുഭാഗത്തുമായി കൊല്ലപ്പെട്ടതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വരും ദിവസങ്ങളിലും റഷ്യ ആക്രമണം ശക്തമാക്കുമെന്ന് അറിയിച്ചിട്ടുള്ളതിനാൽ രാജ്യം അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്.