ലഹരിക്കും അഴിമതിക്കും എതിരെ പോരാടിയ ഫാ. ജോര്‍ജ് വെള്ളാപ്പള്ളി യാത്രയായി

ലഹരിക്കും അഴിമതിക്കും എതിരെ പോരാടിയ ഫാ. ജോര്‍ജ് ഡി. വെള്ളാപ്പള്ളി (77) നിത്യസമ്മാനത്തിനായി യാത്രയായി. കാഞ്ഞിരപ്പള്ളി രൂപത വൈദികനായ വെള്ളാപ്പള്ളി അച്ചന്‍ തിങ്കളാഴ്ചയാണ് (ഓഗസ്റ്റ് 11) വിടപറഞ്ഞത്. കോഴഞ്ചേരി സെന്റ് ആന്‍സ് ഭവനത്തില്‍ തന്റെ മാതാവിനൊപ്പം വിശ്രമം ജീവിതം നയിച്ചിരുന്ന അച്ഛന്‍ ഏതാനും നാളുകളായി മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ പരിചരണത്തിലായിരുന്നു.
ലാളിത്യവും വിനയവും മുഖമുദ്രയാക്കിയ വെള്ളാപ്പള്ളി അച്ചന്‍ മുന്‍കാലങ്ങളില്‍ കേരളത്തിലെ ശക്തനായ ലഹരി വിരുദ്ധ പോരാളിയായിരുന്നു. മദ്യവര്‍ജന പ്രസ്ഥാനത്തിന്റെ നേതൃത്വ നിരയില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രഫ. എം.പി മന്മദനോടും ഡോ. സുകുമാര്‍ അഴീക്കോടിനോടുമൊപ്പം അഴിമതിക്കെതിരെ പ്രവര്‍ത്തിച്ച നിസ്വാര്‍ഥ വ്യക്തിത്വമായിരുന്നു.
ഉദ്യോഗസ്ഥ, രാഷ്ട്രീയതലങ്ങളിലെ അഴിമതിക്കെതിരെ ശക്തമായ നിലപാടുകളിലൂടെ ഒരുകാലത്ത് കേരളത്തില്‍ ശ്രദ്ധേയമായ നവഭാരതവേദിയുടെ സ്ഥാപകാംഗമായിരുന്നു ഫാ. ജോര്‍ജ് വെള്ളാപ്പള്ളി.
മൃതസംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് (ഓഗസ്റ്റ് 13) ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്കല്‍ തിരുഹൃദയ പള്ളിയില്‍ ആരംഭിക്കും.
വെള്ളാപ്പള്ളി പരേതനായ ഡൊമിനിക് – അന്നമ്മ ദമ്പതികളുടെ ഏകമകനായ ഫാ. ജോര്‍ജ് ചങ്ങനാശേരി എസ്. ബി കോളജിലെ പ്രീ-ഡിഗ്രി പഠനത്തിനുശേഷം സെമിനാരിയില്‍ ചേരുകയായിരുന്നു. ആലുവ സെന്റ് ജോസഫ് പൊന്തിക്കല്‍ സെമിനാരിയില്‍ പരിശീലനം പൂര്‍ത്തിയാക്കി 1982 മെയ് 16ന് പൗരോഹിത്യം സ്വീകരിച്ചു.
എരുമേലി, ചെങ്ങളം, ചെങ്കല്‍ ഇടവകകളില്‍ അസിസ്റ്റന്റ് വികാരി, കൊച്ചറ, വണ്ടന്‍പതാല്‍, കൊച്ചുതോവാള, തമ്പലക്കാട്, പൊടിമറ്റം, അഞ്ചിലിപ്പ, കൂവപ്പള്ളി, ചെന്നാക്കുന്ന് ഇടവകകളില്‍ വികാരി എന്നീ നിലകളില്‍ ശുശ്രൂഷ നിര്‍വഹിച്ചിട്ടുണ്ട്. മാതാവ് അന്നമ്മ സൗത്ത് പാമ്പാടി പാലാക്കുന്നേല്‍, ഐക്കരേട്ട് കുടുംബാംഗമാണ്.