അഞ്ച് ദിവസത്തിനിടെ രണ്ടാം തവണ; ജനങ്ങൾക്ക് വീണ്ടും ഇരുട്ടടിയായി ഇന്ധനവില വർദ്ധനവ്

 
petrol

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കി ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയാണ് എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില ഉയർത്തുന്നത്. ഇരു ഇന്ധനങ്ങൾക്കും ലിറ്ററിന് 90 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. പുതുക്കിയ നിരക്കുകൾ ഇന്ന് രാവിലെ മുതൽ പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ പതിനഞ്ചാം തീയതി പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിലവർദ്ധനവ് ഉണ്ടായിരിക്കുന്നത്.

വില വർദ്ധനവോടെ സംസ്ഥാന തലസ്ഥാനത്ത് ഡീസൽ വില 100 രൂപ കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 111 രൂപ 71 പൈസയായാണ് ഉയർന്നത്. കൊച്ചിയിൽ പുതുക്കിയ നിരക്കനുസരിച്ച് പെട്രോളിന് 109 രൂപ 73 പൈസയും ഡീസലിന് 98 രൂപ 63 പൈസയുമാണ് ഇന്നത്തെ വില.

തുടർച്ചയായുണ്ടാകുന്ന ഇന്ധനവില വർദ്ധനവ് വരും ദിവസങ്ങളിൽ വിപണിയിൽ വൻ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് പൊതുജനങ്ങൾ. ചരക്കുകൂലി വർദ്ധിക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറികളുടെയും വില ഉയരാൻ ഇടയാക്കും. അടിക്കടിയുണ്ടാകുന്ന ഈ വിലക്കയറ്റത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Tags

Share this story

From Around the Web