ചരിത്രത്തിൽ ആദ്യമായി പവന് ഒരു ലക്ഷം രൂപ കടന്ന് സ്വർണവില. സ്വർണം പവന് 1760 രൂപ കൂടി 1,01,600 രൂപയായി

 
gold

തിരവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഒരു ലക്ഷം രൂപ തൊട്ടു. 1,01,600 രൂപയായി വില ഉയർന്നതോടെയാണ് ചരിത്രത്തിലാദ്യമായി സ്വർണവില ലക്ഷം തൊട്ടത്. ഗ്രാമിന് 220 രൂപയുടെ വൻ വർധനവാണ് ഇന്നുണ്ടായത്. 12,700 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്. പവന് 1760 രൂപയുടെ വർധനവും ഇന്ന് രേഖപ്പെടുത്തി.

ആഗോള വിപണിയുടെ ചുവടുപിടിച്ച് തന്നെയാണ് ഇന്ത്യയിലും സ്വർണവില ഉയർന്നത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 4480 ഡോളർ പിന്നിട്ടു. നിലവിൽ 4,486 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 3.37 ശതമാനത്തിന്റെ വർധനവാണ് ഇന്ന് സ്വർണവിലയിൽ ഉണ്ടായത്. ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലക്കുമേൽ യുദ്ധപ്രഖ്യാപനവുമായി ട്രംപ് മുന്നിട്ടിറങ്ങിയത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

മേഖലയിൽ വലിയ യുദ്ധമുണ്ടാകുമെന്ന ഭയം ​നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിതനിക്ഷേപം തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു. ഇതിന് പുറമേ പലിശനിരക്ക് കുറച്ച് യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സ്വർണവില വർധനക്ക് നേരത്തെ തന്നെ കളമൊരുക്കിയിരുന്നു. ആഗോള രാഷ്ട്രീയരംഗത്ത് തുടരുന്ന അനിശ്ചിതാവസ്ഥകൾ വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിച്ചേക്കും.

ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില അടുത്ത വർഷം തന്നെ ഔൺസിന് 5000 ഡോളർ തൊടുമെന്ന പ്രവചനങ്ങൾ പുറത്തുവന്നുകഴിഞ്ഞു. 2026ൽ ഫെഡറൽ റിസർവ് ഗവർണർ സ്ഥാനത്ത് നിന്ന് ജെറോം പവൽ വിരമിക്കും. പകരമെത്തുന്നയാൾ പലിശനിരക്ക് കുറക്കണമെന്ന ട്രംപ് നയത്തിനൊപ്പം നിൽക്കുന്നയാളായിരിക്കുമെന്ന് പ്രവചനങ്ങളുണ്ട്. അങ്ങനെയെങ്കിലും 2026ലും ഫെഡറൽ റിസർവിന്റെ പലിശനിരക്കുകൾ കുറക്കൽ പ്രതീക്ഷിക്കാം. ഇത് സ്വർണവില ഇനിയും ഉയരുന്നതിന് ഇടയാക്കും.

Tags

Share this story

From Around the Web