ചരിത്രത്തിൽ അഞ്ചാം തവണ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഹിസ്പാനോ-മൊസറാബിക് കുർബാനയർപ്പണം നടന്നു

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഹിസ്പാനോ-മൊസറാബിക് ആചാരത്തിൽ വിശുദ്ധബലിയർപ്പണം നടന്നു. ചരിത്രത്തിൽ അഞ്ചാം തവണയാണ് ഇത്തരമൊരു ബലിയർപ്പണം ഇവിടെ നടക്കുന്നത്. സ്പാനിഷ് ചരിത്രത്തിന്റെ ആദ്യ പത്ത് നൂറ്റാണ്ടുകളിൽ ഐബീരിയൻ ഉപദ്വീപിൽ ഇസ്ലാമിക ഭരണത്തിൻ കീഴിൽ ജീവിച്ചിരുന്ന ക്രൈസ്തവർ ആരാധനക്രമം ആഘോഷിച്ച രീതിയാണിത്.
നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും നിലനിൽക്കുന്ന ചുരുക്കം ചില റോമൻ ഇതര പാശ്ചാത്യ ആരാധനാക്രമങ്ങളിൽ ഒന്നായ ഈ പുരാതന ആചാരമനുസരിച്ച്, ടോളിഡോയിലെ ആർച്ച് ബിഷപ്പും സ്പെയിനിലെ പ്രൈമേറ്റുമായ മോൺസിഞ്ഞോർ ഫ്രാൻസിസ്കോ സെറോ ചാവേസ്, ദിവ്യബലി അർപ്പിച്ചു. ദിവ്യബലി മധ്യേ പ്രസംഗത്തിൽ, ക്രിസ്തുവിനോടും കത്തോലിക്കാ സഭയോടും പത്രോസിന്റെ പിൻഗാമിയോടും ഉള്ള കൂട്ടായ്മയെ അദ്ദേഹം എടുത്തുപറഞ്ഞു.
ബെനഡിക്ട് പതിനാറാമനെ ഉദ്ധരിച്ചുകൊണ്ട്, ക്രിസ്തുവിശ്വാസം ക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയിൽ നിന്നാണ് ജനിക്കുന്നതെന്നും, ക്രിസ്ത്യാനിയാകുക എന്നാൽ സഭയുമായും പോപ്പുമായും ഉള്ള കൂട്ടായ്മയിൽ ജീവിക്കുക എന്നാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രത്യാശയുടെ ജൂബിലിക്കായി ടോളിഡോ അതിരൂപതയിൽ നിന്ന് റോമിലേക്കുള്ള 200 പേരുടെ തീർഥാടനത്തിന്റെ ഭാഗമായുള്ള ആഘോഷത്തിൽ റോമൻ കൂരിയയിൽ നിന്നുള്ള നിരവധി പ്രതിനിധികളും പങ്കെടുത്തു.
റോമൻ, ഗാലിക്കൻ, അംബ്രോസിയൻ, ബ്രാക്കാരൻസ് ആരാധനക്രമങ്ങൾക്കൊപ്പം, ഹിസ്പാനോ-മൊസറാബിക് ആചാരവും പടിഞ്ഞാറൻ പുരാതന മെട്രോപൊളിറ്റൻ സഭകളിൽ വികസിപ്പിച്ചെടുത്ത ആചാരങ്ങളുടെ ഒരു കൂട്ടത്തിന്റെ ഭാഗമാണ്.
1992- മെയ് 28 നാണ് വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് കർത്താവിന്റെ സ്വർഗാരോഹണ തിരുനാളിന്റെ ഭാഗമായി ഒരു മാർപാപ്പ ആദ്യമായി ഈ ആചാരപ്രകാരം ദിവ്യബലി അർപ്പിക്കുന്നത്.
2000-ൽ, ജൂബിലിയോടനുബന്ധിച്ച്, കർദിനാൾ ഫ്രാൻസിസ്കോ അൽവാരസ് മാർട്ടിനെസിന്റെ അധ്യക്ഷതയിൽ നടന്ന ദിവ്യബലിയിലും, 2015-ൽ കരുണയുടെ ജൂബിലിയോടനുബന്ധിച്ച്, ടോളിഡോയിലെ ആർച്ച് ബിഷപ്പ് എമറിറ്റസ് മോൺസിഞ്ഞോർ ബ്രൗലിയോ റോഡ്രിഗസ് പ്ലാസ നടത്തിയ മറ്റൊരു ദിവ്യബലിയിലും സെന്റ് പീറ്റേഴ്സിൽ ഈ ആചാരപ്രകാരം ദിവ്യബലി നടത്തിയിട്ടുണ്ട്.