യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: തൃശൂര്‍ - എറണാകുളം റൂട്ടില്‍ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്, വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നു

 
22222
തൃശൂര്‍: എറണാകുളം - തൃശൂര്‍ റൂട്ടില്‍ ദേശീയപാത 544ല്‍ ഇന്നും വന്‍ ഗതാഗതക്കുരുക്ക്. അവധി ദിവസങ്ങള്‍ക്ക് പിന്നാലെ എത്തുന്ന പ്രവര്‍ത്തി ദിനം എന്ന സാഹചര്യവും അടിപ്പാത നിര്‍മാണവും ഉള്‍പ്പെടെയാണ് ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. ബ്ലോക്ക് രൂക്ഷമായതോടെ വാഹനങ്ങള്‍ വഴി തിരിച്ചുവിട്ട് ഗതാഗതം സുഗമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായ മുരിങ്ങൂര്‍ മേഖയില്‍ ഇന്നും വന്‍ തിരക്കാണ് രൂപം കൊണ്ടിരിക്കുന്നത്. നാല്‍പത്തിയഞ്ച് മിനിറ്റിലധികമാണ് പലരും കുരുക്കില്‍ അകപ്പെട്ടത്. ആമ്പല്ലൂര്‍, ചാലക്കുടി മേഖലകളിലെ സമാന്തര പാതകള്‍ വഴി ചെറുവാഹനങ്ങള്‍ ഉള്‍പ്പെടെ കടത്തിവിട്ട് ഗതാഗതക്കുരുക്ക് അഴിക്കാനാണ് നിലവില്‍ ശ്രമം. പൊലീസ് ഉദ്യോഗസ്ഥരെ ഇതിനായി വിവിധ മേഖകളില്‍ നിയോഗിച്ചിട്ടുണ്ട്.

മുരിങ്ങൂര്‍ പാലം കയറുന്നതിന് മുന്‍പ് വാഹനങ്ങള്‍ വഴിതിരിച്ച് വിട്ട് കാടുകുറ്റി - അത്താണി വഴി എയര്‍പോര്‍ട്ട് ജംഗ്ഷന് അടുത്ത് എത്തുന്ന വഴിയിലൂടെയാണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. ഹെവി വാഹനങ്ങളാണ് മുരിങ്ങൂര്‍ പാലം വഴി കടത്തിവിടുന്നത്. പോട്ട - അഷ്ടമിച്ചാല്‍ - മാള വഴി എറണാകുളത്തേക്കും വാഹനങ്ങള്‍ തിരിച്ചുവിടുന്നുണ്ട്. ദേശീയപാത 544 എറണാകുളം ദിശയില്‍ 12 കിലോമീറ്റര്‍ ദൂരമാണ് ഗതാഗതക്കുരുക്ക് പതിവായിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച ഉച്ചവരെ ബ്ലോക്ക് തുടര്‍ന്നിരുന്നു.

Tags

Share this story

From Around the Web