"കമ്മ്യൂണിസ്റ്റുകാർക്ക് ഭാര്യ എന്നത് പദവി അല്ല, ടി.കെ. ഗോവിന്ദൻ കാട്ടിയത് വർഗ വഞ്ചന": എം.വി. ജയരാജൻ

 
1122222

കണ്ണൂർ: സിപിഐഎം ബന്ധം ഉപേക്ഷിച്ച് സ്വന്ത്ര സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ച ടി.കെ. ഗോവിന്ദനെതിരെ എം.വി. ജയരാജൻ. പാർട്ടിയിൽ മത്സരിക്കാനുള്ള നിരവധി പേരുണ്ട്. അത്തരക്കാരുള്ളപ്പോഴാണ് ഗോവിന്ദൻ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ടി.കെ. ഗോവിന്ദൻ കാട്ടിയത് വർഗ വഞ്ചനയെന്ന് എം.വി. ജയരാജൻ കുറ്റപ്പെടുത്തി.

കമ്മ്യൂണിസ്റ്റ് കാർക്ക് ഭാര്യ എന്നത് പദവി അല്ല. പി.കെ. ശ്യാമളയല്ല ടി.കെ. ഗോവിന്ദന് മത്സരിക്കണമെന്നത് മാത്രമാണ് പ്രശ്നമെന്ന് ജയരാജൻ പറഞ്ഞു. വ്യവസായി ആയിരുന്ന ആന്തൂർ സാജൻ്റെ ആത്മഹത്യയിൽ നിലപാട് എടുത്ത പി. ജയരാജനെ ഒതുക്കി എന്നും ആരോപണം ഉയർത്തിയിട്ടുണ്ട്. എന്നാൽ അതിൽ പി.കെ. ശ്യാമള കുറ്റക്കാരിയല്ലെന്നും എം.വി. ജയരാജൻ വിശദീകരിച്ചു.

എംഎൽഎ ഫണ്ട് കണക്കുമായി ബന്ധപ്പെട്ട ആരോപണത്തിലും എം.വി. ജയരാജൻ മറുപടി പറഞ്ഞു. എം.എൽ. എ ഫണ്ട് വിനിയോഗിക്കുന്നതിലും ഹാപ്പിനസ് ഫെസ്റ്റിവലിൻ്റെ ചെലവും കൃത്യമായി ഓഡിറ്റ് ചെയ്തിട്ടുണ്ടെന്ന് ജയരാജൻ വ്യക്തമാക്കി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ രൂക്ഷമായി വിമർശിച്ചാണ് ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടത്. ശൈലജ ടീച്ചറെ നാടുകടത്തി എം.വി. ഗോവിന്ദൻ സ്വന്തം ഭാര്യയെ മത്സരിപ്പിക്കുന്നു എന്ന് ടി.കെ. ഗോവിന്ദൻ പറഞ്ഞിരുന്നു.

60 വർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിച്ചാണ് ടി.കെ. ഗോവിന്ദൻ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ചത്. ഇനി ജനങ്ങൾ പാർട്ടിയെ തിരുത്തട്ടെയെന്ന് ടി.കെ. ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വർഗീയ ശക്തികളുടെ പിന്തുണവേണ്ടെന്ന് പറഞ്ഞ ടി.കെ. ഗോവിന്ദൻ യുഡിഎഫ് പിന്തുണ സ്വീകരിക്കുമെന്ന സൂചനയാണ് നൽകിയത്.

Tags

Share this story

From Around the Web