പൊതുജീവിതത്തിൽ സുവിശേഷം പിന്തുടരുക: കത്തോലിക്കാ രാഷ്ട്രീയക്കാരോട് മാർപാപ്പ

മതേതര രാഷ്ട്രീയത്തിൽ പൊതുകടമകൾ നിർവഹിക്കുമ്പോൾ പോലും, ക്രിസ്ത്യാനികളായി സ്ഥിരതയോടെ ജീവിക്കാനും സുവിശേഷം പിന്തുടരാനും കത്തോലിക്കരായ രാഷ്ട്രീയക്കാരോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. ഓഗസ്റ്റ് 28 ന് ഫ്രാൻസിലെ ക്രെറ്റൈൽ രൂപതയിൽ നിന്നുള്ള രാഷ്ട്രീയ പ്രതിനിധികളുടെയും പൗരനേതാക്കളുടെയും ഒരു പ്രതിനിധിസംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
“നമ്മുടെ പാശ്ചാത്യസമൂഹങ്ങളിൽ നിലവിലുള്ള വിവിധ വ്യതിയാനങ്ങൾക്കിടയിൽ, ക്രിസ്ത്യാനികളെന്ന നിലയിൽ ക്രിസ്തുവിലേക്കു തിരിയുകയും നമ്മുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ ക്രിസ്തുവിന്റെ സഹായം തേടുകയും ചെയ്യുന്നതിനെക്കാൾ മെച്ചമായി നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഇക്കാരണത്താൽതന്നെ, രാഷ്ട്രീയ-സാമൂഹികനേതാക്കൾ അവരുടെ വിശ്വാസവുമായി യോജിച്ചു പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാകണം” – പാപ്പ കൂട്ടിച്ചേർത്തു.
“ക്രൈസ്തവസന്ദേശം മനുഷ്യവ്യക്തിയുടെ എല്ലാ തലങ്ങളെയും ഉൾക്കൊള്ളുന്നതിനാൽ, ക്രിസ്തുമതത്തെ വെറും സ്വകാര്യഭക്തിയിലേക്കു ചുരുക്കാൻ കഴിയില്ല. കാരണം, അത് ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹം നിറഞ്ഞ സമൂഹത്തിൽ ജീവിക്കാനുള്ള ആഹ്വാനം ഉൾക്കൊള്ളുന്ന ഒന്നാണ്” – പാപ്പ പറഞ്ഞു.