നാട്ടിലെങ്ങും കൊച്ചുമത്തി പ്രളയം.. കിലോയ്ക്കു നൂറു രൂപ.. മത്തിക്കു വലുപ്പം കുറയുന്നതില്‍ മത്സ്യതൊഴിലാളികള്‍ക്കു ആശങ്ക. പത്തു സെൻ്റീമീറ്ററിൽ താഴെയുള്ളതിനെ പിടിച്ചാൽ പിഴ ശിക്ഷയും

 
3333

കോട്ടയം: നാട്ടിലെങ്ങും കൊച്ചുമത്തി സുലഭമായി.. കിലോയ്ക്കു നൂറു രൂപവരെയാണു വില. എന്നാല്‍, വിലയ മത്തിക്കു കിട്ടുന്ന പ്രിയം കൊച്ചു മത്തിക്കില്ല. കൊച്ചു മത്തിക്കു രുചി കുറവാണെന്നു വീട്ടമ്മമാര്‍ പറയുന്നു. എന്നാല്‍, വിലിയ മത്തി കിട്ടാനല്ലാത്ത സാഹചര്യത്തില്‍ കൊച്ചു മത്തി വാങ്ങുകയേ നിവര്‍ത്തിയുള്ളൂ എന്നാണു വീട്ടമ്മമാര്‍ പറയുന്നത്.

മത്തിയുടെ വലുപ്പം കുറഞ്ഞതു മത്സ്യതൊഴിലാളികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കൊച്ചുമത്തിക്കു വില കിട്ടാത്താണു പ്രധാന കാരണം. ഇതു തൊഴിലാകളികളുടെ വരുമാനയെത്തയും ബാധിക്കുന്നുണ്ട്.

അതേസമയം, 10 സെന്റീ മീറ്റില്‍ താഴെയുള്ള മത്തിപിടിച്ചാല്‍ ഫിഷറീസ് വകുപ്പ് വന്‍ തുക പിഴയീടാക്കുകയും ചെയ്യും. ഇതും വിലയ പ്രതിസന്ധിക്കു കാരണമാകുന്നുണ്ട്. തീരത്ത് മത്തിയുടെ കുഞ്ഞുങ്ങള്‍ അപ്രതീക്ഷിതമായി വര്‍ധിച്ചതിനും തുടര്‍ന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ക്കും കാരണം മണ്‍സൂണ്‍ മഴയിലെ മാറ്റങ്ങളാണെന്നു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പഠനം പറയുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കടലിലുണ്ടാകുന്ന മാറ്റങ്ങള്‍ മത്തിയുടെ ലഭ്യതയിലെ മാറ്റങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നും പഠനം പറയുന്നു. 2012ല്‍ സംസ്ഥാനത്ത് നാലു ലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് അളവില്‍ ലഭിച്ച മത്തി 2021ല്‍ വെറും 3500 ടണ്ണായി കുത്തനെ കുറഞ്ഞു.

എന്നാല്‍, കഴിഞ്ഞ വര്‍ഷം ശരാശരി പത്ത് സെന്റിമീറ്റര്‍ വലുപ്പമുള്ള കുഞ്ഞന്‍ മത്തി കേരള തീരത്ത് വന്‍തോതില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഇവ കൂട്ടത്തോടെ കരയ്ക്കടിയുന്ന സാഹചര്യവുമുണ്ടായി. ഇതോടെയാണ് സിഎംഎഫ്ആര്‍ഐ പഠനങ്ങള്‍ക്കു തുടക്കമിട്ടത്.

കൊച്ചി, വിഴിഞ്ഞം, കോഴിക്കോട് പ്രദേശങ്ങളിലാണ് സിഎംഎഫ്ആര്‍ഐ പഠനം നടത്തിയത്. കഴിഞ്ഞ വര്‍ഷം അനുകൂലമായ മണ്‍സൂണ്‍ മഴയും അടിത്തട്ടിലെ പോഷകസമൃദ്ധമായ ജലം മുകളിലേക്കു വന്നതും (അപ് വെല്ലിംഗ്) മത്തി ലാര്‍വകളുടെ പ്രധാന ഭക്ഷണമായ സൂക്ഷ്മപ്ലവകങ്ങള്‍ പെരുകാന്‍ കാരണമായി. ഇതോടെ ലാര്‍വകളുടെ അതിജീവനം കൂടുകയും മത്തിക്കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുകയും ചെയ്തു..

മത്തിക്കുഞ്ഞുങ്ങളുടെ എണ്ണം കൂടിയതോടെ അവയുടെ ഭക്ഷ്യലഭ്യതയില്‍ ക്രമേണ കുറവുണ്ടായി. ഇത് അവയുടെ വളര്‍ച്ച മുരടിക്കുന്നതിനും തൂക്കം കുറയുന്നതിനും കാരണമായി. ഇതോടെ വിപണിയില്‍ മത്തിയുടെ വില കുത്തനെ ഇടിയുകയും മത്തിക്കുഞ്ഞുങ്ങളെ പിടിക്കുന്നതു നിര്‍ത്തിവയ്ക്കുകയും ചെയ്തു.

സൂക്ഷ്മപ്ലവകങ്ങളുടെ അളവു പോലുള്ള ആവാസവ്യവസ്ഥയിലെ ഉല്‍പാദനക്ഷമതയാണ് മത്തിയുടെ ലഭ്യതയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതെന്നും പഠനം കണ്ടെത്തി. സമുദ്രത്തിലെ ഉഷ്ണതരംഗങ്ങളും മത്തിയുടെ പ്രജനനത്തെയും വ്യാപനത്തെയും ബാധിച്ചിരിക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തരം ഏറ്റക്കുറച്ചിലുകള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍, ഓരോ മത്സ്യത്തിനും അനുയോജ്യമായ ഹ്രസ്വകാല  മുന്നറിയിപ്പുകള്‍ (ഫോര്‍കാസ്റ്റ്) വേണമെന്ന് പഠനം നിര്‍ദേശിക്കുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രാദേശികമായി മത്സ്യബന്ധന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

Tags

Share this story

From Around the Web