ചേർത്തലയിൽ അഞ്ച് വയസുകാരന് ക്രൂര മർദനം; അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസ്. അമ്മ സ്കെയിലിന് അടിച്ചതാണെന്നും അമ്മൂമ്മയും ഉപദ്രവിക്കാറുണ്ടെന്നും കുട്ടിയുടെ മൊഴി

ആലപ്പുഴ ചേർത്തലയിൽ അഞ്ച് വയസ്സുകാരനെ ക്രൂരമായി മർദിച്ച് അമ്മയും അമ്മൂമ്മയും. കുട്ടിയുടെ മുഖത്തും കഴുത്തിനും മുറിവേറ്റു.
പരിക്കേറ്റ കുട്ടിയെ ചായ കടയിൽ നിന്നാണ് കണ്ടെത്തിയത്. അമ്മ സ്കെയിലിന് അടിച്ചതാണെന്നും അമ്മൂമ്മയും ഉപദ്രവിക്കാറുണ്ടെന്നും കുട്ടി മൊഴി നൽകി. നേരത്തെ കുട്ടിയെ ഉപദ്രവിച്ച കേസിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിലായിരുന്നു.
കുട്ടിയെ ചായക്കടയിൽ ഇരുത്തിയ ശേഷമാണ് അമ്മ ലോട്ടറിവിൽപ്പനയ്ക്ക് പോകാറുള്ളത്. കുട്ടിയുടെ മുഖത്ത് പരിക്കേറ്റത് സ്കൂൾ പി ടി എ പ്രസിഡൻ്റ് അഡ്വ. ദിനൂപിൻ്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ഉപദ്രവിച്ച വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
അതേസമയം കുഞ്ഞിനെ എന്തിനാണ് ഉപദ്രവിച്ചതെന്ന കാര്യം വ്യക്തമല്ല. കുട്ടിയെ ഉപദ്രവിച്ച കേസിൽ കഴിഞ്ഞ മേയ് 24ന് അമ്മയുടെ സുഹൃത്ത് അറസ്റ്റിലായിരുന്നു. അന്നും പിടിഎ അധികാരികൾ തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്.
പിന്നീട് ഇയാൾ മരിച്ചു. ചൈൽഡ് ലൈൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.