‘ഇന്ത്യ- പാക് സംഘർഷത്തിൽ അഞ്ച് ജെറ്റ് വിമാനങ്ങള്‍ തകർന്നു’; പുതിയ അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ്

 
donald trump-2

മേയില്‍ നടന്ന ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തിൽ അഞ്ച് ജെറ്റ് വിമാനങ്ങള്‍ തകർന്നെന്ന അവകാശവാദവുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ നിയമസഭാംഗങ്ങള്‍ക്കൊപ്പം വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം.

അതേസമയം, തകര്‍ന്ന ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയുടേതാണോ പാകിസ്ഥാന്റേതാണോ എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. വ്യാപാര കരാര്‍ ഉപയോഗിച്ച് ഇന്ത്യ- പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് താനാണ് മധ്യസ്ഥത വഹിച്ചത് എന്ന അവകാശവാദം ട്രംപ് വീണ്ടും ഉന്നയിക്കുകയും ചെയ്തു.

‘ഞങ്ങള്‍ കുറേ യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം ഗുരുതരമായിരുന്നു. വിമാനങ്ങള്‍ വെടിവെച്ചിടുകയായിരുന്നു. യഥാര്‍ഥത്തില്‍ അഞ്ച് ജെറ്റുകള്‍ വെടിവെച്ചിട്ടെന്നാണ് തോന്നുന്നത്. രണ്ടും ആണവ രാജ്യങ്ങളാണ്, അവര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പുതിയ യുദ്ധമുഖം തുറക്കുന്നുവെന്നാണ് കരുതിയത്.

ഇറാനില്‍ നമ്മള്‍ എന്താണ് ചെയ്തതെന്ന് കണ്ടതല്ലേ. അവിടെ നമ്മള്‍ അവരുടെ ആണവ ശേഷി തകര്‍ത്തു, പൂര്‍ണമായും തകര്‍ത്തു. പക്ഷേ, ഇന്ത്യയും പാകിസ്താനും സംഘര്‍ഷവുമായി മുന്നോട്ടുപോകുകയായിരുന്നു. അത് വലുതായിക്കൊണ്ടിരുന്നു. ഒടുവില്‍ വ്യാപാര കരാര്‍ മുന്‍നിര്‍ത്തി ഞങ്ങള്‍ അത് പരിഹരിച്ചു. നിങ്ങള്‍ ഒരു വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലേ എന്ന് ചോദിച്ചു.

എന്നാല്‍ നിങ്ങള്‍ ആയുധങ്ങള്‍, ഒരുപക്ഷേ ആണവായുധങ്ങള്‍ കൊണ്ട് പരസ്പരം ഏറ്റുമുട്ടാന്‍ പോകുകയാണെങ്കില്‍ നിങ്ങളുമായി ഒരു വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇരുവരെയും അറിയിച്ചു’, ട്രംപ് വ്യക്തമാക്കി.

Tags

Share this story

From Around the Web