ഫ്രാൻസിസ് മാർപാപ്പയുടെ ഒന്നാം ചരമവാർഷികം: മരിയ മജോറയിൽ ജപമാലയും ഓർമ്മക്കുർബാനയും

 
pope-francis-meet-toledo

ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളെ ദുഃഖത്തിലാഴ്ത്തി ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങിയിട്ട് ഒരു വർഷം തികയുന്നു. അന്തരിച്ച മാർപാപ്പയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച്, ഏപ്രിൽ 21 ചൊവ്വാഴ്ച റോമിലെ മരിയ മജോറാ ബസിലിക്കയിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടക്കും.

തന്റെ മരണശേഷം വിശ്രമിക്കാനായി ഫ്രാൻസിസ് മാർപാപ്പ മുൻകൂട്ടി തിരഞ്ഞെടുത്തത് ഈ പുരാതന ബസിലിക്കയായിരുന്നു. സ്വർഗപിതാവിങ്കലേക്ക് അദ്ദേഹം യാത്രയായതിന്റെ ഓർമ്മയ്ക്കായി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണി മുതൽ ബസിലിക്ക പ്രാർഥനയ്ക്കായി സജ്ജീകരിക്കും.

വാർഷികത്തോടനുബന്ധിച്ച് വൈകുന്നേരം അഞ്ച് മണിക്ക് ജപമാല സമർപ്പണവും ആറിന് വിശുദ്ധ കുർബാനയും അർപ്പിക്കപ്പെടും. വത്തിക്കാൻ മീഡിയ, ടിവി2000 തുടങ്ങിയ മാധ്യമങ്ങളിലൂടെ ഈ ശുശ്രൂഷകൾ തത്സമയം സംപ്രേഷണം ചെയ്യും.

അന്താരാഷ്ട്ര യാത്രകൾക്ക് മുൻപും ശേഷവും ഫ്രാൻസിസ് മാർപാപ്പ പതിവായി പ്രാർഥിച്ചിരുന്ന ‘സാലസ് പോപ്പുലി റൊമാനി’ (റോമൻ ജനതയുടെ രക്ഷകയായ മാതാവ്) എന്ന വിഖ്യാത ചിത്രത്തോടുള്ള അദ്ദേഹത്തിന്റെ അഗാധമായ ഭക്തി പരിഗണിച്ച്, ചടങ്ങിൽ ഒരു സ്മാരക ഫലകം അനാച്ഛാദനം ചെയ്യും. സാലസ് പോപ്പുലി റൊമാനിയുടെ കാൽക്കൽ 126 തവണ അദ്ദേഹം പ്രാർഥനയ്ക്കായി എത്തിയിരുന്നുവെന്ന് ശവകുടീരത്തിലെ ലിഖിതം സാക്ഷ്യപ്പെടുത്തുന്നു.

നിലവിൽ ആഫ്രിക്കൻ പര്യടനത്തിലുള്ള ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശം ചടങ്ങിൽ വായിക്കപ്പെടും. 2025 ഏപ്രിൽ 21-ന് ഈസ്റ്റർ വാരത്തിലെ തിങ്കളാഴ്ചയായിരുന്നു 88-ാം വയസ്സിൽ ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചത്.

12 വർഷം കത്തോലിക്കാ സഭയെ നയിച്ച അദ്ദേഹം, വത്തിക്കാനിലെ സാന്താ മാർത്ത വസതിയിൽ വച്ചാണ് വിടവാങ്ങിയത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് പുറത്ത് അടക്കം ചെയ്യപ്പെടുന്ന നൂറ്റാണ്ടുകൾക്കിടയിലെ ആദ്യ മാർപാപ്പ എന്ന പ്രത്യേകതയും ഫ്രാൻസിസ് മാർപാപ്പയ്ക്കുണ്ട്.

Tags

Share this story

From Around the Web