ഗസ്സയിൽ ആദ്യഘട്ട വെടിനിർത്തലിൽ ധാരണ; മുഴുവൻ ബന്ദികളെയും ഉടൻ മോചിപ്പിക്കുമെന്ന് ട്രംപ്

ഗസ്സയിൽ ആദ്യഘട്ട വെടിനിർത്തലിൽ ധാരണയായെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മുന്നോട്ടു വച്ച ഇരുപതിന കരാറിന്റെ ആദ്യഭാഗം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി ഖത്തറും അറിയിച്ചു. വേണ്ടിവന്നാൽ വെടിനിർത്തൽ യാഥാർഥ്യമാക്കാൻ നേരിട്ട് ഈജിപ്തിലേക്ക് പോകുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ആദ്യഭാഗം നിലവിൽ വരുന്നതിലൂടെ ആക്രമണം അവസാനിപ്പിച്ച് ഇസ്രയേലി സൈന്യം മുൻ നിശ്ചയിച്ച പിൻവാങ്ങൽ രേഖയിലേക്ക് മാറും. ഇരുപക്ഷത്തും ബന്ദികളാക്കി വച്ച ആളുകളെ വിട്ടയക്കുക, ഗസയിലേക്ക് മനുഷ്യാവകാശ സഹായം കടത്തിവിടുക എന്നിവയാണ് കരാറിന്റെ ആദ്യപടി. അറബ് ഇസ്ലാമിക ലോകത്തിന് ഇതൊരു മഹത്തായ ദിനമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. മേഖലയിൽ ശക്തവും നീണ്ടുനിൽക്കുന്നതുമായ സമാധാനം ഉണ്ടാകുമെന്നും ട്രംപ് ഉറപ്പ് നൽകുന്നു.
മധ്യസ്ഥത വഹിച്ച ഖത്തറിനും ഈജിപ്തിനും തുർക്കിക്കും നന്ദി പറഞ്ഞ ട്രംപ് ഇരുപക്ഷത്തുമുള്ളവരെ ഒരുപോലെ പരിഗണിക്കുമെന്നും പറഞ്ഞു. ബന്ദികളെ ഉടൻ തിരിച്ചെത്തിക്കുമെന്ന പ്രപഖ്യാപനവുമായി ട്രംപിന് പിന്നാലെ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തി. ഹമാസും ഇസ്രയേലും സമാധാന പദ്ധതിയുടെ ആദ്യഭാഗം അംഗീകരിച്ചതായി ഖത്തർ ഒദ്യോഗിക വക്താവ് മജേദ് അൽ അൻസാരിയും പറഞ്ഞു.