രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ എഫ്ഐആർ കോടതിയില്‍ സമർപ്പിച്ചു; അഞ്ച് പരാതിക്കാർ, എല്ലാം മൂന്നാം കക്ഷികള്‍

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസില്‍ എഫ്ഐആർ കോടതിയില്‍ സമർപ്പിച്ചു. അഞ്ച് പേരുടെ പരാതികളിലാണ് കേസ് എടുത്തിരിക്കുന്നത്. കേസില്‍ അഞ്ച് പേരും മൂന്നാം കക്ഷികളാണ്.
ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയച്ചുവെന്നുമാണ് രാഹുലിന് എതിരായ പരാതി. ഭാരതീയ ന്യായ സംഹിതയിലെ 78(2), 351, പൊലീസ് ആക്ട് 120 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പൊതുപ്രവർത്തകർ ഉള്‍പ്പെടെ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചുവെന്ന വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അഭിഭാഷകന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ഇതില്‍ കേസെടുക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. തുടർന്ന് മറ്റ് പരാതികളും ലഭിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം, രാഹുലിന് എതിരെ കോൺഗ്രസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർ രാജിവച്ചിരുന്നു. പാലക്കാട് ഷൊർണൂർ നഗരസഭയിലെ കോൺഗ്രസ് കൗൺസിലറായ സി. സന്ധ്യയാണ് രാജിവച്ചത്. ഷൊർണൂർ നഗരസഭ 31-ാം വാർഡ് കൗൺസിലറാണ് സന്ധ്യ.10 വർഷമായി യുഡിഎഫ് കൗൺസിലറാണ്.